അടക്ക ആരോഗ്യത്തിന് ഹാനികരമല്ലെന്ന് കേന്ദ്രം പ്രഖ്യാപിക്കണം -മന്ത്രി മധു ബംഗാരപ്പ
text_fieldsമധു ബങ്കാരപ്പ
ബംഗളൂരു: അടക്ക ആരോഗ്യത്തിന് ഹാനികരമല്ലെന്ന് കേന്ദ്രം പ്രഖ്യാപിക്കണമെന്ന് കർണാടക മന്ത്രി മധു ബംഗാരപ്പ ആവശ്യപ്പെട്ടു. അടക്ക അർബുദത്തിന് വഴിവെക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ശിവമൊഗ്ഗ സാഗറിൽനിന്നുള്ള ജനപ്രതിനിധി കൂടിയായ മധു ബംഗാരപ്പ. കർണാടകയിൽ ശിവമൊഗ്ഗ, ചിക്കമഗളൂരു, ദാവൻകരെ, ഉഡുപ്പി, ദക്ഷിണ കന്നട, കുടക്, ഉത്തര കന്നട ജില്ലകളിൽ അടക്ക കൃഷി ചെയ്യുന്നുണ്ട്. അടക്ക ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ഇന്ത്യൻ സർക്കാർ മറുപടി നൽകണമെന്നും കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രം തയാറാവണമെന്നും ബംഗാരപ്പ പറഞ്ഞു.
ശിവമൊഗ്ഗയിൽ ശനിയാഴ്ച ബി.ജെ.പി സംഘടിപ്പിച്ച അടക്ക കർഷകരുടെ കൺവെൻഷൻ വെറും പ്രഹസനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുത്ത കൺവെൻഷൻ വെറും പബ്ലിസിറ്റി പരിപാടിയാണെന്നും അദ്ദേഹം ആരോപിച്ചു. ശിവമൊഗ്ഗയിൽ അടക്ക കർഷകർക്കായി 500 കോടി രൂപയുടെ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വർഷങ്ങൾക്കു മുമ്പ് നടത്തിയ വാഗ്ദാനത്തിന് എന്തുപറ്റിയെന്ന് മന്ത്രി ചോദിച്ചു.
‘‘10 വർഷം മുമ്പ് അമിത് ഷാ ശിവമൊഗ്ഗയിൽ ഗവേഷണ കേന്ദ്രത്തിനായി ഏകദേശം 500 കോടി നിക്ഷേപിക്കുമെന്ന് പറഞ്ഞു. ആ വാഗ്ദാനത്തിന് 10 വർഷമായി. വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ബി.ജെ.പി അടക്ക കർഷകരുടെ കൺവെൻഷൻ വിളിച്ചത്’’ -ബംഗാരപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

