വ്യാജ കമ്പനിയുണ്ടാക്കി കേന്ദ്ര പദ്ധതി തട്ടിപ്പ്; അഞ്ചുപേർ അറസ്റ്റിൽ
text_fieldsമംഗളൂരു: കേന്ദ്ര സർക്കാറിന്റെ വായ്പ പദ്ധതികൾ നേടിയെടുക്കുന്നതിന് വ്യാജ കമ്പനി രൂപവത്കരിച്ച് വൻ തട്ടിപ്പ്. ബാങ്ക് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ. മുഹമ്മദ് മുസ്തഫ, ഫാത്തിമ ശബ്നം, മുനീർ കാദ്മാൻ, സഫിയ, എസ്.ബി.ഐ റിലേഷൻഷിപ് മാനേജർ അഭിഷേക് നന്ദ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ രണ്ട് വ്യാജ ചെറുകിട വ്യവസായ യൂനിറ്റുകൾ സ്ഥാപിക്കുകയും ബാങ്ക് ഉദ്യോഗസ്ഥന്റെ സഹായത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മല്ലിക്കട്ടെ ശാഖയിൽ നിന്ന് 1.3 കോടി രൂപ വായ്പ എടുക്കുകയും ചെയ്തു. ഇന്റേണൽ ഓഡിറ്റിനിടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് സെപ്റ്റംബർ 16ന് ബാങ്ക് കദ്രി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് പിന്നീട് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചിന് (സി.സി.ബി) കൈമാറി, ജെപ്പുവിൽ താമസിക്കുന്ന പുത്തൂർ സ്വദേശിയായ മുഹമ്മദ് മുസ്തഫ ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കാനാണെന്ന് അവകാശപ്പെട്ട് എം.എസ് എന്റർപ്രൈസസിന്റെയും ഫ്യൂഷൻ ഡോട്ട് എന്റർപ്രൈസസിന്റെയും പേരിൽ 2023 ആഗസ്റ്റ് എട്ടിന് വായ്പക്ക് അപേക്ഷിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അപേക്ഷ പരിശോധിച്ചതായി തെറ്റായി റിപ്പോർട്ട് ചെയ്ത റിലേഷൻഷിപ് മാനേജർ അഭിഷേക് നന്ദ, 2023 സെപ്റ്റംബർ 13ന് എം.എസ് എന്റർപ്രൈസസിന് 75 ലക്ഷം രൂപയും അടുത്ത ദിവസം ഫ്യൂഷൻ ഡോട്ട് എന്റർപ്രൈസസിന് 55 ലക്ഷം രൂപയും അനുവദിക്കാൻ സൗകര്യമൊരുക്കി.
ഒരു വർഷത്തിനുശേഷവും തിരിച്ചടക്കാതിരുന്നപ്പോൾ ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ചീഫ് മാനേജർ സൗരഭ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ വായ്പ തുക വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് പകരം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് തിരിച്ചുവിട്ടതായി കണ്ടെത്തി. ഫാത്തിമ ഷബ്നത്തിന് 55 ലക്ഷം രൂപ, മുസ്തഫയുടെ അക്കൗണ്ടിലേക്ക് 32 ലക്ഷം രൂപ, മുനീർ കാദ്മാന് 14 ലക്ഷം രൂപ, ഷബ്നയുടെ മാതാവ് സഫിയക്ക് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് കൈമാറിയത്.
എസ്.ബി.ഐ ഉദ്യോഗസ്ഥനായ അഭിഷേക് നന്ദയുടെ മൈസൂരുവിലെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലേക്കും വൻതുക വന്നതായി വ്യക്തമായി. വ്യാജ കമ്പനികൾ രൂപവത്കരിച്ച് വായ്പ നേടുന്നതിൽ വിദഗ്ധനായ ആഷിഖ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അട്ടവാരയിൽ മൈൽസ് ഓഫ് ഫയൽസ് എന്റർപ്രൈസസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന ഇയാൾ മുദ്ര പോലുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ പ്രകാരം നിരവധി വ്യക്തികൾക്ക് നിയമവിരുദ്ധമായി ഫണ്ട് നേടാൻ സഹായിച്ചതായും പൊലീസ് പറഞ്ഞു. മല്ലിക്കട്ടെ ബ്രാഞ്ചിൽ അഭിഷേക് നന്ദയുടെ ശിപാർശയിലൂടെ അനുവദിച്ച എല്ലാ വായ്പകളും പരിശോധിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

