മാമ്പഴ വിലയിടിവ്; മാമ്പഴ കർഷകർക്ക് കേന്ദ്രം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
text_fieldsബംഗളൂരു: മാമ്പഴ വിലയിടിവിനെ തുടർന്ന് ദുരിതത്തിലായ കർണാടകയിലെ മാമ്പഴ കർഷകർക്ക് ‘വിലക്കുറവ് പേമെന്റ് സ്കീം’ (പി.ഡി.പി.എസ്) പ്രകാരം കേന്ദ്ര സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഈ തുക കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നൽകും.
കർണാടകയിൽ മാമ്പഴത്തിന്റെ വിപണി വില കുറയുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട് എന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ‘എക്സ്’ൽ പറഞ്ഞു. ‘കർണാടക കൃഷി മന്ത്രി എൻ. ചെലുവരായസ്വാമിയുമായി ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തി. ‘വിലക്കുറവ് പേമെന്റ് സ്കീം’ പ്രകാരം ഏകദേശം 2.5 ലക്ഷം മെട്രിക് ടൺ മാമ്പഴത്തിനുള്ള നഷ്ടപരിഹാരം കർഷകർക്ക് നൽകുമെന്ന് ധാരണയായെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ മാമ്പഴ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയതിന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ മന്ത്രി പ്രൾഹാദ് ജോഷി കേന്ദ്ര സർക്കാറിനോട് നന്ദി പറഞ്ഞു.
ജൂൺ 13ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനോട് സംസ്ഥാനത്തെ മാമ്പഴ കർഷകർക്കായി അടിയന്തര ‘വിലക്കുറവ് പേമെന്റ്’, ‘വിപണി ഇടപെടൽ പദ്ധതി’ എന്നിവക്കായി അഭ്യർഥിച്ചിരുന്നു. കർണാടകയിലെ പ്രധാന ഹോർട്ടികൾചറൽ വിളകളിൽ ഒന്നാണ് മാമ്പഴം. ഏകദേശം 1.39 ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. ഈ സീസണിൽ എട്ട് മുതൽ 10 ലക്ഷം മെട്രിക് ടൺ വരെ ഉൽപാദനം പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ബംഗളൂരു റൂറൽ, ബംഗളൂരു അർബൻ, ചിക്കബെല്ലാപുര, കോലാർ, ബംഗളൂരു സൗത്ത് ജില്ലകളിലാണ് കൃഷി.
മേയ് മുതൽ ജൂലൈ വരെയുള്ള ഏറ്റവും ഉയർന്ന വിളവെടുപ്പ് മാസങ്ങളിൽ വിപണിയിൽ വൻതോതിലുള്ള വരവ് വിലയിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായി. മുമ്പ് ക്വിന്റലിന് 12,000 രൂപ വരെ വിലയുണ്ടായിരുന്ന വിപണി വില ഇപ്പോൾ ക്വിന്റലിന് 3000 രൂപയായി കുറഞ്ഞു, അതേസമയം, കർണാടക സംസ്ഥാന കാർഷിക വില കമീഷൻ കൃഷിച്ചെലവ് ക്വിന്റലിന് 5466 രൂപയായി ശിപാർശ ചെയ്തിട്ടുണ്ട്.
ഉൽപാദനച്ചെലവും വിപണി തിരിച്ചറിവും തമ്മിലുള്ള ഈ പൊരുത്തക്കേട് കർഷക സമൂഹത്തെ കടുത്ത സാമ്പത്തിക സമ്മർദത്തിലാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ചെറുകിട, നാമമാത്ര മാമ്പഴ കർഷകർക്ക് അവരുടെ അടിസ്ഥാന ചെലവുകൾ പോലും വീണ്ടെടുക്കാൻ കഴിയുന്നില്ല, ഇതു വ്യാപകമായ പ്രതിഷേധങ്ങൾക്കും വർധിച്ചുവരുന്ന കാർഷിക ഉത്കണ്ഠക്കും കാരണമാകുന്നു. സമയബന്ധിതവും ഫലപ്രദവുമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ഈ പ്രതിസന്ധി മേഖലയിൽ ഗുരുതര സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം എന്നാണ് നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

