രേണുക സ്വാമിയെ കാറിൽ കയറ്റുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
text_fieldsപവിത്ര ഗൗഡയും ദര്‍ശനും
ബംഗളൂരു: നടൻ ദര്‍ശന്റെ അറസ്റ്റിലേക്ക് നയിച്ച കൊലക്കേസുമായി ബന്ധപ്പെട്ട് പുതിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചിത്രദുര്‍ഗയിലെ ടോള്‍ പ്ലാസയില്‍നിന്നുള്ള വിഡിയോയില്‍ കൊല്ലപ്പെട്ട രേണുക സ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് ബംഗളൂരുവിലേക്ക് കയറ്റിക്കൊണ്ടുപോകുന്ന വെളുത്ത കാറിന്റെ ദൃശ്യങ്ങള്‍ ഉണ്ട്. രേണുകസ്വാമിയും നടനും തമ്മില്‍ കൂടിക്കാഴ്ച നടത്താനെന്ന വ്യാജേനയാണ് പ്രതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്. ആദ്യം ഓട്ടോറിക്ഷയില്‍ കയറ്റിയ രേണുകസ്വാമിയെ പിന്നീട് കാറിലേക്ക് മാറ്റുകയായിരുന്നു.
ഈ മാസം 11ന് രേണുകസ്വാമിയെ കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയില്‍ തള്ളിയ കേസിലാണ് ദര്‍ശനും നടി പവിത്ര ഗൗഡയും അറസ്റ്റിലായത്. നായ്ക്കള്‍ മൃതദേഹം കടിച്ചു വലിക്കുന്നതായി ഭക്ഷണ വിതരണക്കാരന് പൊലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് മൂന്ന് പ്രതികള്‍ പൊലീസിനെ സമീപിക്കുകയും സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് രേണുക സ്വാമിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയുംചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് വഴിതെറ്റിക്കാന്‍ മൂവരും ശ്രമിക്കുകയാണെന്നും ദര്‍ശനും സംഘവും ഇതില്‍ പങ്കാളികളാണെന്നും പൊലീസ് മനസ്സിലാക്കിയത്.
ദർശന് വിലക്കേർപ്പെടുത്തുന്ന കാര്യത്തിൽ കോടതിവിധിക്ക് ശേഷം തീരുമാനം -കെ.എഫ്.സി.സി
ബംഗളൂരു: കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന കന്നട നടൻ ദർശൻ തൂഗുദീപക്ക് സിനിമകളിൽ വിലക്കേർപ്പെടുത്തുന്നത് സംബന്ധിച്ച് കേസിലെ കോടതി വിധിക്കുശേഷം തീരുമാനമെടുക്കുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് (കെ.എഫ്.സി.സി) അറിയിച്ചു. ഇതുസംബന്ധിച്ച് വ്യാഴാഴ്ച യോഗം ചേർന്ന ശേഷമാണ് തീരുമാനം. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ കുടുംബത്തെ കെ.എഫ്.സി.സി ഭാരവാഹികൾ സന്ദർശിക്കും. കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാൻ സർക്കാറുമായി ചേർന്നു പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് എൻ.എം. സുരേഷ് പറഞ്ഞു. ദർശന് പാടെ നിരോധനമേർപ്പെടുത്താൻ കഴിയില്ലെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് വിദഗ്ധർ പറയുന്നത്. അതേസമയം, കെ.എഫ്.സി.സിക്ക് നിസ്സഹകരണ തീരുമാനമെടുക്കാൻ കഴിയും. സിനിമ മേഖലയുമായി ബന്ധപ്പെട്ട 24 അസോസിയേഷനുകൾ കെ.എഫ്.സി.സിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ദർശനെതിരെ മറ്റൊരു കേസ് കൂടി
ബംഗളൂരു: നിരോധിത വനമേഖലയില്‍ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചതിന് കന്നട നടന് ദര്ശന് തൂഗുദീപക്കെതിരെ കേസ്. സംസ്ഥാന വനം വകുപ്പിന്റെ വന്യജീവി അംബാസഡറാണ് ദര്ശന്. രേണുകസ്വാമി കൊലക്കേസില്‍ അറസ്റ്റില്‍ കഴിയവേയാണ് നടനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. മുത്തോടിയിലും ഭദ്ര റിസര്‍വ് പ്രദേശത്തെ വനമേഖലയിലും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതി ലോല സ്ഥലങ്ങളില്‍ പ്രവേശിച്ച് ദര്ശന് വനം ജീവനക്കാര്‍ക്കൊപ്പം മാംസം കഴിച്ചെന്നാണ് കേസ്. നിലവില്‍ വനമേഖലയില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. ദര്ശന് ഇത്തരത്തില്‍ വനമേഖലയില്‍ സ്വകാര്യ വാഹനങ്ങളുമായി കടന്ന് വനപാലകര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

