‘കാവേരി ഓൺ വീൽസ്’ ട്രാക്കിലേക്ക്; ഗുണനിലവാരമുള്ള ജലം ബി.ഡബ്ല്യു.എസ്.എസ്.ബി ടാങ്കറുകളിൽ എത്തിക്കും
text_fieldsബംഗളൂരു: ഓണ്‍ലൈനില്‍ കാവേരി വെള്ളം ബുക്ക് ചെയ്യുന്നവര്‍ക്ക് ബി.ഐ.എസ് നിലവാരത്തിലുള്ള കുടിവെള്ളം താമസസ്ഥലത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ബാംഗ്ലൂര്‍ വാട്ടര്‍ സെപ്ലെ ആന്‍ഡ് സീവേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) നടപ്പാക്കുന്ന ‘കാവേരി ഓണ്‍ വീല്‍സ്’ പദ്ധതി ട്രാക്കിലേക്ക്.
ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംരംഭം. ശുദ്ധമായ കുടിവെള്ളം കാവേരി കണക്ഷന് സെന്ററുകളില്‍നിന്ന് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നഗരപ്രാന്തങ്ങളിലെ ഗ്രാമങ്ങളെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ് എന്നിവ മുഖേന വെള്ളം ബുക്ക് ചെയ്യാം. 24 മണിക്കൂര്‍ മുമ്പ് ബുക്ക് ചെയ്യണം. രാവിലെ ആറ് മുതല്‍ രാത്രി 10 വരെ വെള്ളം വിതരണം ചെയ്യും.
കാവേരി ജലം നല്‍കിവരുന്ന 110 ഗ്രാമങ്ങൾക്കു പുറമെ, കാവേരി അഞ്ചാം ഘട്ട കണക്ഷന് എടുത്ത മുഴുവന്‍ ആളുകള്‍ക്കും വെള്ളം വിതരണം ചെയ്യുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ചെയര്മാന് വി. രാം പ്രശാന്ത് മനോഹര്‍ പറഞ്ഞു.
വൈകാതെ ഉപ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. പൈപ്പ് വെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. പദ്ധതിയില്‍ സ്വകാര്യ ടാങ്കറുകള്‍ക്കും പങ്കാളികളാകാം. ഏപ്രില്‍ 10നു മുമ്പ് ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ടാങ്കറുകള്‍ വാടകക്ക് നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി തുടങ്ങുന്നതിനായി 6000 മുതല്‍ 12,000 ലിറ്റര്‍ വരെ സംഭരണ ശേഷിയുള്ള 200 ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകള്‍ തയാറാക്കിയതായി അധികൃതര്‍ പറഞ്ഞു. ദിവസവും എട്ട് ട്രിപ്പുകള്‍ നടത്തും. ടാങ്കറുകളില്‍ ഘടിപ്പിച്ച ജി.പി.എസ് മുഖേന ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ ഉപഭോക്താവിന് സാധിക്കും.
ഒ.ടി.പി വെരിഫിക്കേഷന് നടത്തി ഒ.ടി.പി നമ്പര്‍ ഡ്രൈവര്‍ക്ക് കൈമാറിയാല്‍ മാത്രമേ വെള്ളം ലഭ്യമാകുകയുള്ളൂ. വെള്ളത്തിന്റെ വിലയും വെള്ളമെത്തിക്കുന്നതിനുള്ള ചെലവും സോഫ്റ്റ് വെയര്‍ മുഖേന മുന്‍കൂട്ടി നിശ്ചയിക്കും. നഗരത്തിലെ 100 കാവേരി പോയന്റുകളില്നിന്നാണ് വെള്ളം എടുക്കുക.
ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പില്‍ വരുത്തുക. ആദ്യ ഘട്ടത്തില്‍ 50 പോയന്റുകളില്‍ വെള്ളം ലഭ്യമാക്കും. ടാങ്കറുകളിൽ സ്ഥാപിച്ചിട്ടുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ഐ.ആര്.എഫ്.ഐ.ഡി)സംവിധാനം അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് മീറ്റര്‍ ഉള്ളതിനാല്‍ ഓര്‍ഡര്‍ ചെയ്ത അളവിനനുസരിച്ചുള്ള വെള്ളം ഉപഭോക്താവിന് ലഭിക്കുകയും വെള്ളം ലഭിച്ച ഉടന്‍ ഓട്ടോമേറ്റഡ് ബില്‍ ലഭിക്കുകയും ചെയ്യും. പണം ആപ് മുഖേന അടക്കാം. വിശദ വിവരങ്ങള്‍ക്ക് 990188838 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

