വിദ്വേഷ പ്രസ്താവന; വി.എ.ച്ച്.പി നേതാവിന് എതിരെ കേസ്
text_fieldsശരൺ പമ്പുവെൽ
മംഗളൂരു: കുഞ്ചാലുവിലെ പശു കശാപ്പ് സംഭവവുമായി ബന്ധപ്പെട്ട് വർഗീയ വിദ്വേഷം വളർത്താൻ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരൺ പമ്പുവെല്ലിനെതിരെ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
കേസ് അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ് പ്രതിയായ ശരൺ പമ്പുവെൽ വാർത്തസമ്മേളനം നടത്തുകയും പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. പൊതുസമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.
വിഡിയോയിൽ ശരൺ പമ്പുവെൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും സാധ്യതയുള്ള പ്രസ്താവനകൾ നടത്തുന്നതായി പൊലീസ് പറയുന്നു. വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് നടത്തുന്ന ഇത്തരം പ്രസ്താവനകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും അശാന്തിയും സാമുദായിക ഐക്യവും തകർക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ഉഡുപ്പി ടൗൺ പൊലീസ് ബി.എൻ.എസ് സെക്ഷൻ 353(2) പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ട്. പൊലീസ് നിലവിൽ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

