വിദ്വേഷ പോസ്റ്റുകൾക്കെതിരെ കേസ്; ഒരാൾ അറസ്റ്റിൽ
text_fieldsസുധാകർ
മംഗളൂരു: മതമൈത്രി പ്രവർത്തനങ്ങളെ വിമർശിച്ചും വിദ്വേഷ പരാമർശങ്ങൾ നടത്തിയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്കെതിരെ സ്വമേധയാ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലയിൽ കർക്കള താലൂക്കിലെ നിട്ടെ ഗ്രാമത്തിൽ അംബാഡെ കല്ലു നിവാസിയായ നർസുവിന്റെ മകൻ സുധാകറെയാണ് (37)അറസ്റ്റ് ചെയ്തത്.
ഉഡുപ്പി ജില്ലയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തിന്റെ പര്യായ ഉത്സവ വേളയിൽ ജില്ല മുസ്‌ലിം സൗഹൃദ സമിതി ശീതളപാനീയം വിതരണം ചെയ്തതിനെതിരെയാണ് വർഗീയ വിദ്വേഷം വളർത്തുന്ന, ആക്ഷേപകരമായ പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിച്ചത്. മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിനും സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതിനും ബന്ധപ്പെട്ട വ്യക്തികൾക്കെതിരെ കാർക്കള റൂറൽ പൊലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തു.
ജനുവരി മൂന്നിന് ‘സുദീപ് ഷെട്ടി നിട്ടെ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ ഹിന്ദു പര്യായ ഘോഷയാത്രയിൽ മുസ്‌ലിം സൗഹൃദസമിതിയുടെ പങ്കാളിത്തത്തെ ചോദ്യം ചെയ്ത് സന്ദേശം പോസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പര്യായ ഘോഷയാത്രക്കിടെ സർബത്ത്, വെള്ളം നിറച്ച കുപ്പികൾ തുടങ്ങിയവ വിതരണം ചെയ്യുന്നതോ ദഫ് പോലുള്ള പരിപാടികൾ അവതരിപ്പിക്കുന്നതോ ഹിന്ദു-മുസ് ലിം ഐക്യം പ്രോത്സാഹിപ്പിക്കില്ലെന്നും അത്തരം സംരംഭങ്ങളോട് അവിശ്വാസം പ്രകടിപ്പിക്കുന്നതായുമാണ് പോസ്റ്റ്.
ഇതിനെത്തുടർന്ന് ഭാരതീയ ന്യായ സംഹിത, 2023 ലെ സെക്ഷൻ 196 (1), 353 (2), 352 എന്നിവ പ്രകാരം ക്രൈം നമ്പർ 01/2026 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ടെത്താനും പിടികൂടാനും പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. ‘സുധാകർ അപ്പു നീട്ടെ’ എന്ന പേരിലുള്ള മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടും അതേ ദിവസം സമാനമായ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. മതവിദ്വേഷം വളർത്തുന്നതും സാമുദായിക സമാധാനം തകർക്കുന്നതുമായ ഉള്ളടക്കം ഈ പോസ്റ്റിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഈ പോസ്റ്റിനെ തുടർന്നാണ് കർക്കള റൂറൽ പോലീസ് ക്രൈം നമ്പർ 02/2026ൽ ഭാരതീയ ന്യായ സംഹിത, 2023 ലെ സെക്ഷൻ 196 (1), 353 (2), 352 എന്നിവ പ്രകാരം കേസെടുത്തത്. ഈ കേസിലെ പ്രതി സുധാകറെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

