തുറമുഖ അതോറിറ്റി ഉദ്യോഗസ്ഥന്റെ പരാതിയിൽ മുൻ എം.എൽ.എക്ക് എതിരെ കേസ്
text_fieldsമൊയ്തീൻ ബാവ
മംഗളൂരു: ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയിലെ (എൻ.എം.പി.എ) മുതിർന്ന ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കർണാടക മുൻ എം.എൽ.എ മൊയ്തീൻ ബാവക്കും രണ്ട് കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസെടുത്തു.
എൻ.എം.പി.എ ഡെപ്യൂട്ടി ചെയർപേഴ്സൻ എസ്.കെ മുരുകൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ജൂൺ ഒമ്പതിന് ബാവയും കൂട്ടാളികളും ഉദ്യോഗസ്ഥന്റെ ഓഫിസ് സന്ദർശിച്ച് ഒരു പ്രോജക്ട് ബില്ലിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. സംഘം ഓഫിസ് പരിസരത്തുനിന്ന് പുറത്തുപോകാൻ വിസമ്മതിച്ചു, ചൂടേറിയ തർക്കങ്ങളിൽ ഏർപ്പെട്ടു. ഉദ്യോഗസ്ഥൻ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തെ പിന്തുടർന്നു.
മൂവരും അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തി 15 മിനിറ്റോളം ഭീഷണിപ്പെടുത്തി. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മംഗളൂരു നോർത്തിൽനിന്നുള്ള മുൻ കോൺഗ്രസ് നിയമസഭാംഗമായ ബാവ നടപടിക്രമങ്ങളിലെ കാലതാമസത്തെക്കുറിച്ച് വിശദീകരണം തേടി ഒരു കരാറുകാരനെ അനുഗമിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് ആരോപണങ്ങൾ നിഷേധിച്ചു.
കേസ് ‘രാഷ്ട്രീയ പ്രേരിതമാണ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താനോ തടസ്സപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവങ്ങളുടെ ക്രമം കണ്ടെത്തുന്നതിനായി അധികാരികൾ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ദൃക്സാക്ഷി മൊഴികൾ ശേഖരിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

