മുസ്ലിം വനിതകൾക്കെതിരായ പ്രസ്താവന: ബി.ജെ.പി എം.എൽ.എ യത്നാലിനെതിരെ കേസ്
text_fieldsബസനഗൗഡ പാട്ടീൽ യത്നാൽ
ബംഗളൂരു: മുസ്ലിം വനിതകളെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിൽ വിജയപുരയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരെ കൊപ്പാൽ ടൗൺ പൊലീസ് കേസെടുത്തു. അബ്ദുൽ കലാം എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ആഗസ്റ്റ് 11ന് കൊപ്പാല നഗരത്തിലെ കുറുബര ഒനിയിൽ കൊല്ലപ്പെട്ട ഗവിസിദ്ധപ്പ നായകിന്റെ വീട് യത്നാൽ സന്ദർശിച്ചിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകരോട് നടത്തിയ വിവാദ പ്രസ്താവനയാണ് കേസിലേക്ക് നയിച്ചത്. ‘മുസ്ലിം വനിതകളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് അഞ്ചുലക്ഷം രൂപ ഇൻസെന്റിവായി നൽകും’ എന്നായിരുന്നു പ്രസ്താവന. ഇതു വ്യാപകമായ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. മോശം ലക്ഷ്യത്തോടെയുള്ള യത്നാലിന്റെ പ്രസ്താവന, മുസ്ലിം സ്ത്രീകള അവമതിക്കുന്നതാണെന്ന് പരാതിയിൽ അബ്ദുൽ കലാം ചൂണ്ടിക്കാട്ടി.
വർഗീയ സംഘർഷത്തിന് വഴിവെക്കുന്ന ഇത്തരം പ്രസ്താവന നടത്തുന്ന എം.എൽ.എക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 196 ഒന്ന് എ, 299, 353 രണ്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് ബി.ജെ.പി എം.എൽ.എക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

