ബെല്ലാരി സംഘർഷം; എം.എൽ.എ ജനാർദന റെഡ്ഡി ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
text_fieldsസംഘര്‍ഷ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന പൊലീസ് സന്നാഹം
ബംഗളൂരു: ബെല്ലാരി നഗരത്തിലെ നിയമസഭാംഗത്തിന്റെ വീടിനു സമീപം ബാനറുകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി വ്യാഴാഴ്ച വൈകീട്ട് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എൽ.എ ജി. ജനാർദന റെഡ്ഡി ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തു. രാജശേഖര്‍ എന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി എം.എല്‍.എ ജനാർദന റെഡ്ഡിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ബെല്ലാരി സിറ്റി എം.എൽ.എ എൻ. ഭരത് റെഡ്ഡിയുടെ അടുത്ത സഹായി ചാനൽ ശേഖറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഒന്നാം പ്രതി ജനാർദന റെഡ്ഡി, രണ്ടാം പ്രതി മുൻ എം.എൽ.എ ജി. സോമശേഖര റെഡ്ഡി, മൂന്നാം പ്രതി എം.എൽ.എയും മുൻ മന്ത്രിയുമായ ബി. ശ്രീരാമുലു, നാലാം പ്രതി ബല്ലാരി സിറ്റി കോർപറേഷനിലെ പ്രതിപക്ഷ നേതാവ് ശ്രീനിവാസ് മോത്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബെല്ലാരിയിലെ വാൽമീകി സർക്കിളിൽ വാൽമീകിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിക്കായി ബാനറുകൾ സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് സിരുഗുപ്പ റോഡിലെ ബി.ജെ.പി നേതാവിന്റെ വസതിക്ക് സമീപം സ്ഥാപിച്ചിരുന്ന ബാനറുകൾ ജനാർദന റെഡ്ഡിയും മറ്റുള്ളവരും കീറിമുറിക്കുകയും ഭരത് റെഡ്ഡിയുടെ സഹായിയായ സതീഷ് റെഡ്ഡി എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ജനാർദന റെഡ്ഡി, സോമശേഖര റെഡ്ഡി, അവരുടെ അനുയായികൾ എന്നിവർ മനഃപൂർവം ബാനറുകൾ കീറിക്കളഞ്ഞതായി ആരോപണം ഉയർന്നു.
സതീഷ് റെഡ്ഡിയുമായും അദ്ദേഹത്തിന്റെ ഗൺമാൻ ബസവരാജുമായും അവർ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് അവരെ ആക്രമിച്ചതായും ചാനൽ ശേഖർ പരാതിയിൽ പറയുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കല്ലേറുണ്ടായയി. നിരവധി പേർക്ക് പരിക്കേറ്റു. അവരുടെ മൊബൈല്‍ നമ്പറും തിരിച്ചറിയൽ രേഖകളും പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് ഭയന്നപ്പോൾ പൊലീസ് ലാത്തിചാർജ് നടത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ജനാർദന റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് വെടിവെപ്പ് നടന്നതെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് എം.എൽ.എ ഭരത് റെഡ്ഡി ആവശ്യപ്പെട്ടു. സംഘര്‍ഷം നടന്ന സ്ഥലത്തുനിന്ന് മുളകുപൊടിയും കല്ലുകളുടെ വന്‍ ശേഖരവും കണ്ടെത്തിയതായും സംഭവം ആസൂത്രിതമാണെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

