മുൻ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡേക്ക് എതിരെ കേസ്
text_fieldsഅനന്ത് കുമാർ ഹെഗ്ഡെ
ബംഗളൂരു: ബി.ജെ.പി മുൻ എം.പി അനന്ത് കുമാർ ഹെഗ്ഡെ ഉൾപ്പെടെ നാലുപേർക്കുമെതിരെ പൊലീസ് കേസെടുത്തു. അനന്ത് കുമാർ ഹെഗ്ഡെ, അദ്ദേഹത്തിന്റെ ഗൺമാൻ, ഡ്രൈവർ, അജ്ഞാതൻ എന്നിവർക്കെതിരെയാണ് കുടുംബത്തെ അക്രമിച്ചതിനും കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തത്. ബംഗളൂരുവിലെ ഹലേനഹള്ളി നിവാസിയായ സെയ്ഫ് ഖാൻ നൽകിയ പരാതിയിലാണ് കേസ്.
തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ഹെഗ്ഡെ ഉൾപ്പെടെ കാറിൽ സഞ്ചരിച്ച നാലുപേർ തുംകുരു-ബംഗളൂരു ദേശീയപാതയിലെ സുട്ടാരിയ കോളജിന് സമീപം സെയ്ഫ് ഖാന്റെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണ് പരാതി. തുമകുരുവിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം കാറിൽ മടങ്ങുമ്പോൾ വാഹനം വളഞ്ഞിട്ട് നിർത്താൻ നിർബന്ധിക്കുകയായിരുന്നുവെന്ന് ഖാൻ പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് അക്രമികൾ ഖാൻ, സഹോദരൻ സൽമാൻ ഖാൻ, അമ്മ ഗുൽമീർ ഉന്നിസ, അമ്മാവൻ ഇല്യാസ് ഖാൻ എന്നിവരെ ആക്രമിക്കുകയായിരുന്നുവത്രെ.
വർഗീയ അധിക്ഷേപം നടത്തിയതായും ജീവന് ഭീഷണി മുഴക്കിയതായും തോക്ക് ചൂണ്ടിയതായും പരാതിയിലുണ്ട്. ആക്രമണത്തിൽ സൽമാൻ ഖാന്റെ പല്ലുകൾ ഒടിയുകയും ഇല്യാസ് ഖാന് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ദൊബ്ബെസ്പേട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

