സർക്കാർ ആശുപത്രിയിൽ മരുന്ന് നൽകിയില്ലെങ്കിൽ ഡോക്ടർക്കെതിരെ കേസ് -ഉപലോകായുക്ത
text_fieldsഉപലോകായുക്ത മംഗളൂരുവിൽ നടത്തിയ പൗരാവകാശ തെളിവെടുപ്പിൽനിന്ന്
മംഗളൂരു: സർക്കാർ ആശുപത്രിയിലെ രോഗികളെക്കൊണ്ട് പുറത്തുനിന്ന് മരുന്ന് വാങ്ങിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഉപ ലോകായുക്ത ജസ്റ്റിസ് ബി. വീരപ്പ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പൗരാവകാശ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന ഗവ. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ഉറപ്പുവരുത്തേണ്ടത് ബന്ധപ്പെട്ട ഡോക്ടർമാരാണ്. അതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ സ്വമേധയാ കേസെടുക്കും. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ നിലവിലുണ്ട്. പുറത്തേക്ക് മരുന്നുചീട്ട് എഴുതി പാവപ്പെട്ട രോഗികളെ പ്രയാസപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ഡെപ്യൂട്ടി കമീഷണർ മുള്ളൈ മുഹിളൻ, ലോകായുക്ത ഡെപ്യൂട്ടി മാനേജർ രാജശേഖർ, മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ, ജില്ല പൊലീസ് സൂപ്രണ്ട് ഋഷിത്, സീനിയർ സിവിൽ ജഡ്ജി ശോഭ എന്നിവർ പങ്കെടുത്തു.

