രാമനഗരയിൽ കാറപകടം; മലയാളി യുവാവ് മരിച്ചു
text_fieldsബംഗളൂരു: മൈസൂരു- ബംഗളൂരു ദേശീയപാതയിൽ രാമനഗരയിലുണ്ടായ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ സ്വദേശി അബ്ദുൽ ഖാദർ-നസീമ ദമ്പതികളുടെ മകൻ അസ്ലം (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ രാമനഗരയിൽ കാർ ഡിവൈഡറിലിടിച്ചാണ് അപകടം. ബംഗളൂരു സന്ദർശിക്കാനായി വരികയായിരുന്നു അഞ്ചംഗ സംഘം. ഗുരുതര പരിക്കേറ്റ മാങ്ങാട്ടൂർ സ്വദേശി ആദിലിനെ (22) ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. നിസ്സാര പരിക്കേറ്റ മറ്റു യാത്രക്കാരെ ഡിസ്ചാർജ് ചെയ്തു.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. രാമനഗര ട്രാഫിക് പൊലീസ് കേസെടുത്തു. കെ.എം.സി.സി മൈസൂർ റോഡ് ഏരിയ ജനറൽ സെക്രട്ടറി നൗഷാദ് ബിഡദി, മുസ്ലിം ലീഗ് രാമനഗര ജില്ല സെക്രട്ടറി അഫ്സൽ പാറമ്മൽ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനും തുടർനടപടികൾക്കും നേതൃത്വം നൽകി. രാമനഗര ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

