അപകടത്തിൽപെട്ട കാറിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു
text_fieldsമംഗളൂരു: സുള്ള്യ ദേവരക്കൊല്ലിയിൽ അപകടത്തിൽപെട്ട കാറിൽനിന്ന് പൊലീസ് പരിശോധനക്കിടെ കഞ്ചാവ് കണ്ടെത്തി. പെരിയപട്ടണയിൽനിന്ന് മടിക്കേരി വഴി പുത്തൂരിലേക്ക് വരികയായിരുന്ന കാർ ദേവരക്കൊല്ലിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞപ്പോഴാണ് സംഭവം. വാഹനത്തിനുള്ളിൽ സംശയാസ്പദമായ പാക്കറ്റുകൾ കണ്ട പ്രദേശവാസികൾ മടിക്കേരി റൂറൽ പൊലീസിൽ വിവരം അറിയിച്ചു.
പരിശോധനയിൽ കാറിൽനിന്ന് നിരവധി കഞ്ചാവ് പൊതികൾ പൊലീസ് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ സ്വദേശികളായ കെ. ഫസറുദ്ദീൻ (30), എം. മുഷ്താഖ് (29), സി. ജാബിർ (33) എന്നിവരെ കസ്റ്റഡിയിലെടുത്തു. അപകടവും മയക്കുമരുന്ന് കൈവശം വെച്ച കേസും അധികൃതർ അന്വേഷിച്ചുവരികയാണ്. യാത്രക്കാർ കഞ്ചാവ് കടത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

