മുട്ട കാൻസറിന് കാരണമാകുമോ? സമൂഹ മാധ്യമങ്ങളിലെ വാദങ്ങൾ വിശ്വസിക്കരുതെന്ന് ആരോഗ്യ മന്ത്രി
text_fieldsബംഗളൂരു: മുട്ടയില്‍ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വര്‍ത്തകളില്‍ പരിഭ്രാന്തരാകേണ്ടെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു. ചില ബ്രാൻഡുകളുടെ മുട്ടകളിൽ അർബുദകാരികളായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വിഡിയോ യൂട്യൂബ് ചാനൽ സംപ്രേഷണം ചെയ്തതിനെത്തുടര്‍ന്ന് മുട്ട കഴിക്കരുതെന്ന് ആളുകളോട് അഭ്യർഥിക്കുന്ന നിരവധി സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചു.
ജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ലബോറട്ടറി പരിശോധനക്കായി സംസ്ഥാനത്തുടനീളമുള്ള മുട്ട സാമ്പിളുകൾ ശേഖരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരിശോധനയിൽ ദോഷകരമോ കാൻസറിന് കാരണമാകുന്നതോ ആയ എന്തെങ്കിലും വസ്തുക്കൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഗുണ്ടു റാവു കൂട്ടിച്ചേർത്തു. മുൻകാലങ്ങളിലും ഇത്തരം അടിസ്ഥാന രഹിത വിവരങ്ങൾ പ്രചരിച്ചിരുന്നു. തുടര്‍ന്നു നടത്തിയ ലബോറട്ടറി പരിശോധനകളിൽ മുട്ടയില്‍ അപകടകാരികളായ ഘടകങ്ങൾ അടങ്ങിയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇത്തവണയും ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

