നിയമസഭാംഗങ്ങൾക്ക് കാബിനറ്റ് പദവി; കർണാടക സർക്കാറിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി
text_fieldsഎൻ.എ.ഹാരിസ്, പൊന്നണ്ണ, ദേശ് പാണ്ഡെ, കുൽക്കർണി
ബംഗളൂരു: എം.എൽ.എമാർക്കും എം.എൽ.സിമാർക്കും കാബിനറ്റ് റാങ്ക് നൽകിയ കർണാടക സർക്കാർ നടപടിക്കെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. എൻ.എ. ഹാരിസ്, ആർ.വി. ദേശ്പാണ്ഡെ, എ.എസ്. പൊന്നണ്ണ, വിനയ് കുൽക്കർണി എന്നിവരുടെ കാബിനറ്റ് റാങ്കിനെതിരെയാണ് ഹരജി. വെള്ളിയാഴ്ച ഹരജി സ്വീകരിച്ച ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജരിയ, ജസ്റ്റിസ് എം.ഐ. അരുൺ എന്നിവരടങ്ങിയ ബെഞ്ച് കേസ് ഈ മാസം 21 ലേക്ക് മാറ്റി. കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ പ്രവർത്തിക്കുന്ന ബംഗളൂരു സ്വദേശി സൂരി പയാലയാണ് ഹരജി സമർപ്പിച്ചിത്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആർ.വി. ദേശ്പാണ്ഡെ അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് കമീഷൻ ചെയർമാൻ എന്നനിലയിലാണ് കാബിനറ്റ് പദവി വഹിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമോപദേഷ്ടാവാണ് എ.എസ്. പൊന്നണ്ണ. എൻ.എ. ഹാരിസ് ബംഗളൂരു വികസന അതോറിറ്റി ചെയർമാനാണ്. കർണാടക അർബൻ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ് ചെയർമാനാണ് വിനയ് കുൽക്കർണി. നിയമനങ്ങൾ റദ്ദാക്കാൻ നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
എം.എൽ.എമാർക്കും എം.എൽ.സിമാർക്കും കാബിനറ്റ് പദവി നൽകുന്നത് നിയമവിരുദ്ധമാണെന്നും അതു ലാഭകരമായ ഒരു പദവിയാണെന്നും ഹരജിയിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 191 പ്രകാരം നിയമസഭാംഗങ്ങൾക്ക് ലാഭകരമായ ഒരു പദവിയും വഹിക്കാൻ കഴിയില്ല. കാബിനറ്റ് റാങ്ക് പദവി ലഭിക്കുന്ന വ്യക്തികൾക്ക് മെച്ചപ്പെട്ട ശമ്പളം, കാർ, ഡ്രൈവർ, ഇന്ധനം, വീട്ടുവാടക അലവൻസ്, മെഡിക്കൽ റീഇംബേഴ്സ്മെന്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. അനാവശ്യമായ സർക്കാർ വിപുലീകരണം തടയുന്നതിനും നിയമസഭയുടെ സമഗ്രത സംരക്ഷിക്കുന്നതിനുംവേണ്ടിയാണ് ഈ ഹരജിയെന്ന് അഭിഭാഷകൻ സായ് ദീപക് വാദിച്ചു.
ഇദ്ദേഹം ഒരു പ്രധാന കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടെന്നും നേരിട്ട് ഹാജരാകേണ്ടതായിരുന്നെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു ദിവസം മുമ്പ് ഈ വിഷയത്തെക്കുറിച്ച് അറിയിച്ചിരുന്നതിനാൽ വെർച്വൽ മോഡിൽ ഹാജരായതിന് അഭിഭാഷകൻ സായ് ദീപക് ക്ഷമാപണം നടത്തി. കോടതിയിൽ ഹാജരാകുന്നത് തന്റെ പ്രത്യേകാവകാശമാണെന്ന് പറഞ്ഞ് ചെറിയ ഇടവേളയിൽ മറ്റൊരു തീയതി അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

