മംഗളൂരു -ഉഡുപ്പി മേഖലയിൽ ഇന്ന് സ്വകാര്യ ബസ് മുടക്കം
text_fieldsബസ് ഉടമ സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മംഗളൂരു: കുന്താപുരം -ഉഡുപ്പി -മംഗളൂരു മേഖലയിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ സർവിസ് നടത്തില്ലെന്ന് ഉടമകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉടമകളും തൊഴിലാളികളും ദേശീയപാത 66ലെ ഹെജ്മാഡി, സാസ്ഥാന ടോൾ ഗേറ്റുകൾക്ക് സമീപം പ്രതിഷേധ റാലി സംഘടിപ്പിക്കും.
ടോൾ ബൂത്തുകളിൽ അമിത ഫീസ് ഈടാക്കുന്നതിനെതിരെയാണ് സമരമെന്ന് കരാവലി ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാഘവേന്ദ്ര ഭട്ട് പറഞ്ഞു. അഞ്ചു ദിവസമായി അമിത ചുങ്കമാണ് ചുമത്തുന്നത്.
ഈ മേഖലയിൽ സർവിസ് നടത്തുന്ന വാഹനങ്ങളുടെ ശരാശരി ഭാരം 7500 കിലോഗ്രാം മുതൽ 12,000 കിലോഗ്രാം വരെയാണെന്നതിനാൽ അവയെ കാറ്റഗറി അഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഹന വർഗീകരണ രേഖകൾ അനുസരിച്ചാണിത്. എന്നാൽ, സ്വകാര്യ ബസുകൾ തെറ്റായി കാറ്റഗറി ഏഴിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്, ഇത് 12,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ബസുകൾക്കുള്ളതാണ്.
ശാസ്താനാ ടോൾ പ്ലാസയിൽ യഥാർഥ തുകയായ 145 രൂപക്ക് പകരം 300 രൂപ നൽകാൻ ബസ് ഓപറേറ്റർമാർ നിർബന്ധിതരാകുകയാണെന്ന് കാനറ ബസ് ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സദാനന്ദ ചത്ര പറഞ്ഞു.
ഹെജമാഡി ടോൾ പ്ലാസയിൽ, ഇരുവശങ്ങളിലേക്കുമുള്ള യാത്രക്ക് യഥാർഥ തുകയായ 120 രൂപക്ക് പകരം 250യാണ് ഉടമകൾ നൽകുന്നത്.ഈ പ്രശ്നം ദേശീയപാത അതോറിറ്റി മംഗളൂരു ഓഫിസ് പ്രോജക്ട് ഡയറക്ടറുമായി ചർച്ച ചെയ്തെങ്കിലും ഫലമുണ്ടായില്ലെന്ന് ചത്ര പറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ പ്രശ്നം ഓപറേറ്റർമാർ നേരിട്ടെങ്കിലും ഉഡുപ്പി ഡെപ്യൂട്ടി കമീഷണർ കെ. വിദ്യകുമാരി ഇടപെട്ടതിനെത്തുടർന്ന് പിന്നീട് അത് പരിഹരിക്കപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.