ഔട്ടർ റിങ് റോഡിൽ ബസ് പാതകൾ തിരിച്ചുവരുന്നു
text_fieldsബംഗളൂരു: ഔട്ടർ റിങ് റോഡിലെ (ഒ.ആർ.ആർ) ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് വിളിച്ച യോഗത്തില്‍ ബസ് പ്രയോറിറ്റി ലൈനുകള്‍ (ബി.പി.എൽ) തിരികെ കൊണ്ടുവരാന്‍ തീരുമാനമായി.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ബംഗളൂരു ട്രാഫിക് പൊലീസ് (ബി.ടി.പി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ), ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷൻ (ഒ.ആർ.ആർ.സി.എ) എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുത്തു. ബസ് പ്രയോറിറ്റി ലൈനുകള്‍ ഹൈ ഒക്യുപൻസി വെഹിക്കിൾ (എച്ച്.ഒ.വി) ലൈനുകളാക്കി മാറ്റണമെന്നും മൂന്നിൽ കൂടുതൽ യാത്രക്കാരുള്ള വാഹനങ്ങൾക്ക് ബസുകൾക്കൊപ്പം ആ ലൈനുകള്‍ ഉപയോഗിക്കാൻ അനുവാദം നല്‍കണമെന്നും ട്രാഫിക് ജോയന്റ് പൊലീസ് കമീഷണർ കാർത്തിക് റെഡ്ഡി നിർദേശിച്ചു. കോവിഡ്-19 ലോക്ക്ഡൗണിന് മുമ്പ് ഈ ലൈനുകള്‍ ബി.എം.ടി.സി ഉപയോഗിച്ചിരുന്നു.
യാത്രസമയം 15 മിനിറ്റ് കുറയുകയും യാത്രക്കാരുടെ എണ്ണം നാല് ശതമാനമായി വർധിക്കുകയും ചെയ്തിരുന്നുവെന്ന് ബി.എം.ടി.സി ഓപറേഷൻസ് ചീഫ് ട്രാഫിക് മാനേജർ ജി.ടി. പ്രഭാകർ റെഡ്ഡി പറഞ്ഞു. വികസനത്തിന്റെ ഭാഗമായി കെ.ആർ. പുരം മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള ഒ.ആർ.ആറിൽ 400 കോടി രൂപയുടെ ബസ് പ്രയോറിറ്റി ലൈനുകള്‍ ഉൾപ്പെടുത്തും.
വൈറ്റ്-ടോപ്പിങ്, ഫുട്ട് പാത്തുകളുടെയും സർവിസ് റോഡുകളുടെയും നവീകരണം എന്നിവ ഇതിൽ ഉൾപ്പെടും. ഒരു മാസത്തിനുള്ളിൽ പ്രവൃത്തികൾക്കുള്ള ടെൻഡർ നൽകുകയും മഴക്കാലത്ത് പണി ആരംഭിക്കുകയും ചെയ്യുമെന്ന് ബി-സ്മൈല്‍ ഡയറക്ടർ ആർ.കെ. മിശ്ര പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

