ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; യാത്രക്കാരി ഡ്രൈവറെ ചെരിപ്പൂരി അടിച്ചു
text_fieldsബംഗളൂരു: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താൻ വിസമ്മതിച്ച ഡ്രൈവറെ യുവതി ചെരിപ്പൂരി തല്ലിയതായി പരാതി. ബംഗളൂരു സർജാപുർ റോഡിലെ കൈകോന്ദ്രഹള്ളിയിലാണ് സംഭവം. ഡ്രൈവർ അതാഹർ ഹുസൈന്റെ പരാതിയില്‍ സോഫ്റ്റ്വെയർ എൻജിനീയറായ കാവ്യക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പൊലീസ് പറയുന്നത്: കൈകോന്ദ്രഹള്ളിയില് ഉള്‍പ്പെടെ ബംഗളൂരുവിലെ മിക്ക കേന്ദ്രങ്ങളിലും ഒട്ടുമിക്കദിവസങ്ങളിലും കടുത്ത ട്രാഫിക് ബ്ലോക്കാണ്. സംഭവദിവസവും കടുത്ത ബ്ലോക്കായിരുന്നു.ടിൻ ഫാക്ടറിയില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള ബസിലാണ് രാവിലെ കാവ്യ കയറിയത്. കൈകോന്ദ്രഹള്ളിയിലേക്ക് ടിക്കറ്റെടുത്ത അവർ തന്റെ ഓഫിസിന് മുന്നില്‍ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടു.
ഈ സമയം കടുത്ത ട്രാഫിക് ബ്ലോക്കായിരുന്നു. ഓഫിസിനുമുന്നില്‍ ബസ് നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. അടുത്ത സ്റ്റോപ്പില്‍ മാത്രം ബസ് നിർത്തിയാല്‍ മതിയെന്ന് പൊലീസ് നിർദേശിക്കുകയും ചെയ്തു. ഇക്കാര്യം കാവ്യയോട് പറഞ്ഞശേഷം ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോള്‍ തനിക്ക് ഓഫിസിനുമുന്നില്തന്നെ ഇറങ്ങണമെന്ന് അവർ വാശിപിടിച്ചു.
ഇതു ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കവെ താനൊരു സ്ത്രീയാണെന്നും പറഞ്ഞത് അനുസരിക്കണമെന്നും ആവശ്യപ്പെട്ട് കാവ്യ ബഹളംവച്ചു. ഇതിനുശേഷമാണ് ഡ്രൈറെ ചെരിപ്പൂരി തല്ലിയത്. പിന്നീട് ഇവർ ബസില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർന്നാണ് ഡ്രൈവർ പൊലീസില്‍ പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

