ബുര്‍ഖാന്‍ വേള്‍ഡ് 1500 കോടി നിക്ഷേപിക്കും -എം.ബി. പാട്ടീല്‍
text_fieldsബുർഖാൻ വേൾഡിന്റെ അനുബന്ധ സ്ഥാപനമായ ദ ഗാസി ഗ്രൂപ് (ടി.ജി.ജി) സി.ഇ.ഒ ഷാഫി ഖാനും മന്ത്രി എം.ബി. പാട്ടീലുമായി വിധാൻ സൗധയിലെ കൂടിക്കാഴ്ചയിൽ
ബംഗളൂരു: സംസ്ഥാനത്ത് നൂതന എ.ഐ പവേര്‍ഡ് സര്‍വറുകളുടെ നിർമാണത്തിന് 1500 കോടി രൂപ നിക്ഷേപിക്കാന്‍ ബുര്‍ഖാന്‍ വേള്‍ഡ് ഇന്‍വസ്റ്റ് മെന്‍റ് ഗ്രൂപ് തീരുമാനിച്ചതായി മന്ത്രി എം.ബി. പാട്ടീല്‍ അറിയിച്ചു. അമേരിക്കയിലെ മിയാമി ആസ്ഥാനമായ കമ്പനി ദേവനഹള്ളിയില്‍ 15 ഏക്കറോളം ഭൂമി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ മേഖലയില്‍ നിരവധി തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ബുർഖാൻ വേൾഡിന്റെ അനുബന്ധ സ്ഥാപനമായ ദ ഗാസി ഗ്രൂപ് (ടി.ജി.ജി) സി.ഇ.ഒ ഷാഫി ഖാനും സംഘവുമായി നിക്ഷേപത്തെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും പാട്ടീൽ ചർച്ച നടത്തി.
ബുർഖാൻ നിർമിക്കാൻ ഉദ്ദേശിക്കുന്ന സെർവറുകൾക്ക് ആഗോളതലത്തിൽ ഡിമാൻഡാണ്, പ്രത്യേകിച്ച് ഡേറ്റ സെന്ററുകൾക്ക്. നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. പദ്ധതിക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും സബ്സിഡി, മറ്റ് അനുബന്ധ കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചതായും മന്ത്രി അറിയിച്ചു.
കർണാടകയിൽ അഡ്വാൻസ്ഡ് സി.പി.യുകൾ, ജി.പി.യു, എ.ഐ-റെഡി നെറ്റ്‌വർക്ക് സ്വിച്ചുകൾ എന്നിവയുടെ നിർമാണമാണ് ബുർഖാൻ ഗ്രൂപ് ഉദ്ദേശിക്കുന്നത്. ഇതിനായി ആഗോള സാങ്കേതിക പങ്കാളികളായ ഗിഗാബൈറ്റ്, സെറ നെറ്റ്‌വർക്ക് എന്നിവയുമായി സഹകരിക്കും. പ്രാദേശിക ഗവേഷണ വികസനം, സാങ്കേതിക കൈമാറ്റം, സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കും. കര്‍ണാടകയിലുടനീളം പ്രത്യേക സ്കില്‍ ഡെവലപ്മെന്‍റ് പരിപാടികള്‍ സംഘടിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

