മെഗാ കമ്പളയിൽ അതിഥിയായി ബ്രിജ് ഭുഷൻ; വിവാദമായതോടെ ഒഴിവാക്കാൻ തീരുമാനം
text_fieldsമംഗളൂരു: കാസർകോട്, ദക്ഷിണ കന്നട, ഉഡുപ്പി കമ്പളക്കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഈ മാസം 25,26 തീയതികളിൽ ബംഗളൂരുവിൽ നടക്കുന്ന മെഗാ കമ്പള(പോത്തോട്ട മത്സരം)യുടെ കാര്യപരിപാടിയിൽ ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ ശരൺ സിങ് ഉൾപ്പെട്ടതിന് എതിരെ നിശിത വിമർശം. സമൂഹ മാധ്യമങ്ങളിൽ വിവാദം കനത്തതോടെ ഗുസ്തി താരങ്ങൾക്ക് നേരെ ലൈംഗിക അതിക്ര കേസ് പ്രതിയായ എംപിയെ ഒഴിവാക്കാൻ ധാരണയായി.
ആ പേര് നീക്കം ചെയ്ത് പുതിയ നോട്ടീസ് തയ്യാറാക്കുമെന്ന് കമ്പള സംഘാടകസമിതി ചെയർമാനും ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ മണ്ഡലം കോൺഗ്രസ് എം.എൽ.എയുമായ അശോക് കുമാർ റൈ അറിയിച്ചു.
"കമ്പള കായിക വിനോദമാണ്. സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് പരിപാടിയിൽ അതിഥികളെ ഉൾപ്പെടുത്തിയത്.സിദ്ധി സമുദായം ബ്രിജ് ഭുഷൻ എം.പിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ വഴങ്ങി. അതിെൻറ മറ്റു വശങ്ങൾ ആലോചിച്ചില്ല. ആ പേര് ഉൾപ്പെടുത്തി ക്ഷണക്കത്ത് അച്ചടിച്ചതിന് പിന്നാലെ താൻ പങ്കെടുക്കില്ലെന്ന് എം.പി അറിയിച്ചിരുന്നു. എഡിറ്റ് ചെയ്താണ് കത്തുകൾ വിതരണം ചെയ്യുന്നത്.വിവാദ സാഹചര്യത്തിൽ പുതിയ കത്ത് തയ്യാറാക്കും "-അശോക് കുമാർ റൈ പറഞ്ഞു.