അവയവദാനത്തിനും കൈക്കൂലി; സർക്കാറിന് ദേശീയ മനുഷ്യാവകാശ കമീഷൻ നോട്ടീസ്
text_fieldsഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) മുൻ ചീഫ് എക്സിക്യൂട്ടീവ് കെ. ശിവകുമാർ സമൂഹ മാധ്യമത്തിൽ വെളിപ്പെടുത്തിയ വിവരങ്ങൾ
ബംഗളൂരു: മകളുടെ കണ്ണുകൾ ദാനം ചെയ്യുന്നതിന് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) മുൻ ചീഫ് എക്സിക്യൂട്ടീവ് കെ. ശിവകുമാറിനോട് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് കർണാടക സർക്കാറിന് നോട്ടീസ് അയച്ചു. ശിവകുമാർ സമൂഹ മാധ്യമത്തിൽ വെളിപ്പെടുത്തിയ വിവരങ്ങൾ സംബന്ധിച്ച് ‘മാധ്യമ’ത്തിലടക്കം വന്ന പത്രവാർത്തകൾ അടിസ്ഥാനമാക്കിയാണ് നടപടി.
കൈക്കൂലിയുമായി ബന്ധപ്പെട്ട് ബെല്ലന്ദൂർ പൊലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാറിനെയും കോൺസ്റ്റബിൾ ഘോരഖിനെയും ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് സസ്പെൻഡ് ചെയ്തിരുന്നു. ശിവകുമാറിന്റെ മകൾ അക്ഷയ ശിവകുമാർ (34 ) തലച്ചോറിലെ രക്തസ്രാവത്തെതുടർന്ന് സെപ്റ്റംബർ 18നാണ് മരിച്ചത്.
പോസ്റ്റ്മോർട്ടം നടത്തുന്നതിനും അവയവദാനത്തിന് മറ്റൊരു ആശുപത്രിയിൽ എത്തിക്കുന്നതിനും മരണസർട്ടിഫിക്കറ്റിനും അടക്കം ആംബുലൻസ് ഡ്രൈവർ, പൊലീസ്, ശ്മശാന ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് കൈക്കൂലി നൽകേണ്ടിവന്നു. സംഭവം അതീവ ഗൗരവമുള്ളതാണെന്ന് കമീഷൻ കർണാടക സർക്കാറിനും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ച നോട്ടീസിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

