അവയവദാനത്തിനും കൈക്കൂലി: എസ്.ഐക്കും കോൺസ്റ്റബിളിനും സസ്പെൻഷൻ
text_fieldsബംഗളൂരു: തലച്ചോറിൽ രക്തസ്രാവം സംഭവിച്ച് മരിച്ച മകളുടെ കണ്ണുകൾ ദാനം ചെയ്യുന്നതിനും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനും അടക്കം കൈക്കൂലി നൽകേണ്ടിവന്നതായി പിതാവ്. വിവരങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് ബെല്ലന്ദൂർ പൊലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാറിനെയും കോൺസ്റ്റബിൾ ഘോരഖിനെയും സസ്പെൻഡ് ചെയ്തു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) മുൻ ചീഫ് എക്സിക്യൂട്ടിവ് കെ. ശിവകുമാറാണ് മകളുടെ മരണത്തെതുടർന്നുള്ള നടപടികൾക്കായി കൈക്കൂലി നൽകേണ്ടിവന്നതായി വെളിപ്പെടുത്തിയത്. ശിവകുമാറിന്റെ മകൾ അക്ഷയ ശിവകുമാർ (34 ) സെപ്റ്റംബർ 18നാണ് മരിച്ചത്.
ആംബുലൻസ് ക്രമീകരിക്കുന്നതുമുതൽ ഔദ്യോഗിക രേഖകൾ നേടുന്നതുവരെ പലതവണ കൈക്കൂലി നൽകാൻ നിർബന്ധിതനായി. പൊലീസിനുപുറമെ ആംബുലൻസ് ഡ്രൈവർ, ബി.ബി.എം.പി ജീവനക്കാർ തുടങ്ങിയവരിൽ നിന്നുണ്ടായ മോശം അനുഭവങ്ങളും പോസ്റ്റിലുണ്ട്. അഹ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽനിന്നുള്ള എം.ബി.എ ബിരുദധാരിയായ അക്ഷയ ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെ കമ്പനികളിൽ 11 വർഷം ജോലി ചെയ്തിരുന്നു. കസവനഹള്ളിയിലെ ആശുപത്രിയിൽനിന്ന് മകളുടെ കണ്ണുകൾ ദാനം ചെയ്യാൻ കോറമംഗല സെന്റ്ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റാൻ 3000 രൂപയാണ് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്. എട്ട് കിലോമീറ്ററാണ് കൊസവനഹള്ളിയിൽനിന്ന് കോറമംഗലയിലേക്കുള്ള ദൂരം. പോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇൻസ്പെക്ടർ ഉൾപ്പെടെ പരുഷമായി പെരുമാറി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് വഴങ്ങിയത്. ബി.ബി.എം.പി ശ്മശാന ജീവനക്കാരും കൈക്കൂലി ആവശ്യപ്പെട്ടു. നാലുദിവസം കഴിഞ്ഞു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് കോൺസ്റ്റബിൾ പരസ്യമായി കൈക്കൂലി ആവശ്യപ്പെട്ടത്. ബി.ബി.എം.പി ഓഫിസിൽ അഞ്ചുദിവസം കയറിയിറങ്ങിയിട്ടും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ജാതി സർവേയുമായി ബന്ധപ്പെട്ട് ജീവനക്കാർ തിരക്കിലാണെന്നായിരുന്നു മറുപടി. ഉന്നത ഉദ്യോഗസ്ഥന്റെ സഹായം തേടിയെങ്കിലും കൈക്കൂലി കൊടുത്തതിനെ തുടർന്നാണ് മരണ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റ് പിന്നീട് നീക്കി. ആരോപണങ്ങൾ ശ്രദ്ധയിൽപെട്ട ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ്ങാണ് എസ്.ഐയെയും പൊലീസുകാരനെയും സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

