അതിർത്തി ഭൂസർവേ; കർണാടക ഉദ്യോഗസ്ഥർക്ക് കല്ലേറ്
text_fieldsതർക്ക ഭൂമിയിൽ സർവെ നടത്തുന്ന കർണാടക ഉദ്യോഗസ്ഥരോട് പൊലീസ് സാന്നിധ്യത്തിൽ തർക്കിക്കുന്ന തെലങ്കാന നിവാസികൾ
ബംഗളൂരു: തെലങ്കാന -കർണാടക അതിർത്തിയിലെ തർക്കഭൂമിയുടെ സർവേ നടത്താനെത്തിയ കർണാടക സർക്കാർ ഉദ്യോഗസ്ഥരുടെ സംഘത്തിന് നേരെ തെലങ്കാന ഭാഗത്തുള്ള ഗ്രാമവാസികൾ കല്ലെറിഞ്ഞതിനെത്തുടർന്ന് സംഘർഷം. കർണാടക ഉദ്യോഗസ്ഥർ ദൗത്യം ഉപേക്ഷിച്ച് മടങ്ങി.മേഖലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ചിഞ്ചോളി താലൂക്കിലെ ഷാദിപൂർ ഗ്രാമത്തിൽ സെഡാം അസിസ്റ്റന്റ് കമ്മീഷണർ പ്രഭു റെഡ്ഡി, ലാൻഡ് റെക്കോർഡ്‌സ് ഡെപ്യൂട്ടി ഡയറക്ടർ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സർവേ സംഘം ഭൂമി സർവേ നടത്താൻ സർവേ നമ്പർ 126 സന്ദർശിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സർവേ ജോലികൾ പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥർ അതിർത്തി പ്രദേശം പരിശോധിക്കുന്നതിനിടെ തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ ഉംല നായക് തണ്ട നിവാസികൾ സ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധ പ്രകടനം നടത്തുകയും കർണാടക ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് തുരത്തുകയും ചെയ്തു. ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്കോ പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തർക്ക ഭൂമിയുടെ സർവേ കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ അധികാരികൾ സംയുക്തമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ടു. ഈ ഭൂമി കർണാടക സർക്കാർ 24 വർഷങ്ങൾക്ക് മുമ്പ് ഭൂരഹിത കുടുംബങ്ങൾക്ക് അനുവദിച്ചതാണെന്ന് റവന്യൂ അധികൃതർ പറഞ്ഞു. എന്നാൽ അന്തർ സംസ്ഥാന അതിർത്തിയും ഭൂമിയുടെ ഉടമസ്ഥാവകാശവും സംബന്ധിച്ച തർക്കങ്ങൾ വർഷങ്ങളായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

