ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ഇന്ന് സമാപിക്കും
text_fieldsപോസ്റ്റർ
ബംഗളൂരു: സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ഞായറാഴ്ച സമാപിക്കും. രണ്ടാം ദിനം സാഹിത്യ ചര്‍ച്ചകള്‍കൊണ്ട് സജീവമായി. മലയാളം സെഷനില്‍ രാവിലെ 11ന് നടന്ന ‘വായനയും എഴുത്തും’ എന്ന ചര്‍ച്ചയില്‍ ശ്രീജിത് പെരുന്തച്ചൻ, ഇന്ദിര ബാലൻ, രമ പ്രസന്ന പിഷാരടി, സതീഷ് തോട്ടശ്ശേരി എന്നിവര്‍ പങ്കെടുത്തു.
എഴുത്തുകാരും വായനക്കാരും പല തരത്തിലുണ്ടെന്നും പുതിയ കാലത്ത് എഴുത്തിലും വായനയിലും വ്യത്യാസം വന്നിരിക്കുന്നുവെന്നും ശ്രീജിത് പെരുന്തച്ചൻ പറഞ്ഞു. വായനയില്ലാതെ എഴുത്തിന് പുതിയ ആകാശത്തിലേക്ക് പോകാന്‍ കഴിയില്ലെന്നും വായനക്കാരന് പക്ഷഭേദങ്ങള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഡിജിറ്റൽ കാലത്തെ സാഹിത്യം’ എന്ന വിഷയത്തിൽ എൻ.എസ്. മാധവൻ, കെ.പി. രാമനുണ്ണി എന്നിവരും ‘പുതുകാലം പുതുകവിത’ എന്ന വിഷയത്തില്‍ ഷീജ വക്കം, വീരാൻകുട്ടി, സോമൻ കടലൂർ, ടി.പി. വിനോദ് എന്നിവരും സംസാരിച്ചു. കവയിത്രി വിന്നി ഗംഗാധരന് എഴുതിയ ‘വീടായി തീര്‍ന്നവള്‍’ എന്ന കവിതാ സമാഹാരം ഡോ. സോമന് കടലൂര്‍ പ്രകാശനം ചെയ്തു.
ഡോ. സുഷമ ശങ്കര്‍, സതീഷ് തോട്ടശ്ശേരി, സുധാകരന് രാമന്തളി എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച ഉച്ചക്ക് 12ന് ‘കഥയുടെ ജീവിതം’ എന്ന വിഷയത്തില്‍ യു.കെ. കുമാരൻ, സന്തോഷ് എച്ചിക്കാനം, ബ്രിജി എന്നിവരും ഉച്ചക്ക് ഒന്നിന് ‘മാധ്യമവും സാഹിത്യവും’ എന്ന വിഷയത്തില്‍ ശ്രീകാന്ത് കോട്ടക്കൽ, വിഷ്ണുമംഗലം കുമാർ, ആഷ് അഷിത, ബിന്ദു സജീവ് എന്നിവരും സംസാരിക്കും. ഉച്ചക്ക് രണ്ടിന് ‘വിമർശനത്തിലെ പുതുവഴികൾ’ എന്ന വിഷയത്തില്‍ ഇ.പി. രാജഗോപാലൻ, രാഹുൽ രാധാകൃഷൻ, ദേവേശൻ പേരൂർ എന്നിവര്‍ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

