ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി
text_fieldsബംഗളൂരു സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ആരംഭിച്ച ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന സെഷനിൽനിന്ന്
ബംഗളൂരു: മൂന്നു ദിവസത്തെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ തുടക്കമായി. രാവിലെ പ്രധാന വേദിയിൽ ഈ വർഷത്തെ ബുക്കർ ഇന്റർനാഷനൽ പ്രൈസ് ജേതാക്കളായ ബാനു മുഷ്താഖ്, ദീപ ബസ്തി എന്നിവരുൾപ്പെടെ പങ്കെടുത്ത ചർച്ചയോടെയായിരുന്നു മേള ആരംഭിച്ചത്.
വിവിധ വേദികളിലായി സാഹിത്യചര്‍ച്ചകള്‍ നടന്നു. മലയാളം സെഷനിൽ രാവിലെ 11ന് ‘പാവങ്ങളുടെ നൂറു വര്‍ഷങ്ങൾ’ എന്ന വിഷയത്തില്‍ കെ.പി. രാമനുണ്ണി, കെ.വി. സജയ്, ഡെന്നിസ് പോള്‍ എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിനു ലോക ഭാഷകളിലേക്ക് തര്‍ജമ ചെയ്ത ‘പാവങ്ങള്‍’ മനുഷ്യനെ കര്മോത്സുകനാക്കി മാറ്റിയെന്നും ലോകത്ത് സ്നേഹം മാത്രമേ ഉള്ളൂ എന്നു പറയുന്ന കൃതിയാണിതെന്നും അതിജീവനത്തിന് വേണ്ടിയുള്ള അനിവാര്യതയാണ് പാവങ്ങള്‍ എന്നും കെ.പി. രാമനുണ്ണി പറഞ്ഞു. കാലികമായ ഗദ്യം സൃഷ്ടിക്കാന്‍ നാലപ്പാട്ട് നാരായണ മേനോന് കഴിഞ്ഞതായി ചൂണ്ടിക്കാട്ടിയ കെ.വി. സജയ്, പാവങ്ങള്‍ മലയാള ഭാഷയെ ആധുനികമായി തീര്‍ക്കുകയാണെന്നും പറഞ്ഞു.
മനുഷ്യ മനസ്സിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് പാവങ്ങള്‍ എന്നും മലയാള സാഹിത്യത്തെ അതി ശക്തമായി സ്വാധീനിച്ച കൃതിയാണ് പാവങ്ങള്‍ എന്നും ഡെന്നിസ് പോള്‍ പറഞ്ഞു. ഉച്ചക്ക് ‘നോവലിലെ ജ്ഞാനമണ്ഡലങ്ങൾ’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ഇ. സന്തോഷ്കുമാർ, കെ.പി. രാമനുണ്ണി, കെ.ആർ. കിഷോർ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകീട്ട് നാലിന് ‘നോവലിലെ വിഭിന്ന സ്വരങ്ങൾ’ എന്ന വിഷയത്തില്‍ ബിനീഷ് പുതുപ്പണം, മുഹമ്മദ് അബ്ബാസ്, നിമ്ന വിജയൻ എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച കന്നട, മലയാളം, തമിഴ് ഭാഷകളില്‍ വിവിധ സെഷനുകള്‍ നടക്കും.രാവിലെ 11ന് ‘വായനയും എഴുത്തും’ എന്ന വിഷയത്തില്‍ ശ്രീജിത് പെരുന്തച്ചൻ, ഇന്ദിര ബാലൻ, രമ പ്രസന്ന പിഷാരടി, സതീഷ് തോട്ടശ്ശേരി എന്നിവര്‍ പങ്കെടുക്കും.
ഉച്ചക്ക് ഒന്നിന് ‘ഡിജിറ്റൽ കാലത്തെ സാഹിത്യം’ എന്ന വിഷയത്തില്‍ എൻ.എസ്. മാധവൻ, കെ.പി. രാമനുണ്ണി എന്നിവര്‍ സംസാരിക്കും. വൈകീട്ട് നാലിന് ‘പുതുകാലം പുതുകവിത’ എന്ന വിഷയത്തില്‍ ഷീജ വക്കം, വീരാൻകുട്ടി, സോമൻ കടലൂർ, ടി.പി. വിനോദ് എന്നിവര്‍ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

