ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി ആഘോഷം നാളെ മുതൽ
text_fieldsമുംബൈ: ഏഴര പതിറ്റാണ്ടിലേറെയായി മുംബൈ നഗരത്തിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്വന്തമായി മുദ്രപതിപ്പിച്ച മലയാളി കൂട്ടായ്മയായ ബോംബെ കേരള മുസ്ലിം ജമഅത്ത് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ദക്ഷിണ മുംബൈയിലെ ഹജ്ജ് ഹൗസ്, ഡോംഗ്രിയിലെ ജമാഅത്ത് ഹാൾ എന്നിവിടങ്ങളിലായാണ് ത്രിദിന ആഘോഷ പരിപാടികൾ നടക്കുന്നത്. ശനിയാഴ്ച രാവിലെ ഹജ്ജ് ഹൗസിലാണ് ഉദ്ഘടനം.
മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കർ, സാദിഖ് അലി ഷിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ, സുപ്രിയ സുലെ, അരവിന്ദ് സാവന്ത്, ബിഷപ് ഗിവർഗീസ് മാർ കുറിലോസ്, മുനവ്വറലി ഷിഹാബ് തങ്ങൾ, സ്വാമി വാൻ ബിക്കു എന്നിവരും കേരളത്തിലെയും മഹാരാഷ്ട്രയിലെയും നിരവധി എം.എൽ.എമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഞായറാഴ്ച ഡോംഗ്രി കച്ചി മേമൻ ഹാളിൽ മുംബൈ വിട്ട് നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ സംഗമം നടക്കും. 70കളിലും 80കളിലും മുംബൈയിൽ ഉണ്ടായിരുന്ന 160ഓളം പേർ സംഗമത്തിൽ പങ്കെടുക്കും. സ്വാതന്ത്ര്യ സമര കാലത്ത് മലബാറിൽ നിന്നു കുടിയേറി മുംബൈയിൽ ജീവിതമാർഗം കണ്ടെത്തിയ ഒരു പറ്റം യുവാക്കൾ പടുത്തുയർത്തിയതാണ് കേരള മുസ്ലിം ജമാഅത്ത്. 1948ൽ ബോംബെ കേരള മുസ്ലിം ജമാഅത്ത് എന്ന പേരിൽ രജിസ്റ്റർ ചെയ്ത സംഘടന ജാതി, മത ഭേദമന്യേ മുംബൈ മലയാളികളുടെ അഭയകേന്ദ്രമായിമാറി.
തലശ്ശേരിയിലെ കേയീ കുടുംബം അവർക്ക് മുംബൈയിലുണ്ടായിരുന്ന മാപ്പിള മസ്ജിദും കടകളും പിന്നീട് ബോംബെ കേരള മുസ്ലിം ജമാഅത്തിന് ഇഷ്ടദാനം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

