ബോയിങ് ഇന്ത്യയുടെ ടെക് സെന്റർ ബംഗളൂരുവിൽ തുറന്നു
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരു ദേവനഹള്ളിയിൽ ബോയിങ് കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ
ബംഗളൂരു: യു.എസിനുപുറത്ത് ബോയിങ്ങിന്റെ ഏറ്റവും വലിയ സെന്റർ ബംഗളൂരു ദേവനഹള്ളിയിൽ ആരംഭിച്ചു. ബോയിങ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്നോളജി സെന്റർ (ബി.ഐ.ഇ.ടി.സി) വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
വ്യോമയാന മേഖലയിലേക്ക് രാജ്യത്തെ കൂടുതൽ പെൺകുട്ടികൾക്ക് അവസരമൊരുക്കാൻ ലക്ഷ്യമിടുന്ന ‘ബോയിങ് സുകന്യ’ പദ്ധതിക്കും മോദി തുടക്കമിട്ടു. 43 ഏക്കർ കാമ്പസിൽ 1,600 കോടി ചെലവിട്ടാണ് ആഗോള മുൻനിര വിമാന നിർമാണ കമ്പനിയായ ബോയിങ് ബംഗളൂരുവിലെ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
കർണാടക രാജ്യത്തിന്റെ എയ്റോസ്പേസ് ഹബ്ബായി വളരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാങ്കേതിക ശേഷിയെ ആഗോള തലത്തിലുള്ള ആവശ്യങ്ങളുമായി കൂട്ടിയിണക്കുന്നതിൽ ബംഗളൂരുവിന് പ്രധാന പങ്കാണുള്ളത്. മേക്ക് ഇൻ ഇന്ത്യ മേക്ക് ഫോർദ വേൾഡ് എന്ന മുദ്രാവാക്യത്തിൽ ഇന്ത്യയുടെ കഴിവിന് ലോകത്തിലുള്ള വിശ്വാസമാണ് ബോയിങ് കാമ്പസ് ശക്തിപ്പെടുത്തുന്നത്. ഭാവിയിൽ ഈ കേന്ദ്രത്തിൽ വിമാനങ്ങൾ രൂപകൽപന ചെയ്യുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
യുദ്ധവിമാനത്തിലാകട്ടെ, യാത്രാ വിമാനത്തിലാകട്ടെ കൂടുതൽ വനിതകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമം. ഇന്ത്യയിലെ പൈലറ്റുമാരിൽ 15 ശതമാനവും വനിതകളാണ്. ഇത് ആഗോള തലത്തിലെ ശരാശരിയുടെ മൂന്നിരട്ടിവരും. നിർമാണം മുതൽ സേവനംവരെയുള്ള മേഖലകളിൽ നിക്ഷേപകർ ഇന്ത്യയെയാണ് ഉറ്റുനോക്കുന്നത്. ആഭ്യന്തര വ്യോമയാന വിപണിയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കർണാടക ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ആർ. അശോക, ബോയിങ് സി.ഒ.ഒ സ്റ്റെഫാനി പോപ് തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

