മലിനജല സംസ്കരണ പ്ലാന്റില്‍ വീണ എൻജിനീയറുടെ മൃതദേഹം ലഭിച്ചു
text_fieldsബംഗളൂരു: വർത്തൂരിലെ ബെലഗെരെയിലുള്ള ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ മലിനജല സംസ്കരണ പ്ലാന്റില്‍ വീണ് കാണാതായ എൻജിനീയർ അഖിലേഷിന്റെ മൃതദേഹം കണ്ടെടുത്തു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ അറ്റകുറ്റപ്പണികൾക്കായി താഴേക്ക് ഇറങ്ങുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ എൻജിനീയർ അഖിലൻ മോഹൻ, ബിഹാര്‍ സ്വദേശി സ്റ്റാഫർ ബ്രിജേഷ് കുമാർ എന്നിവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു.
അഖിലേഷ് എൻജിനീയറായും ബ്രിജേഷ് ടെക്നീഷ്യനായും ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനായി ഏകദേശം 30 അടി മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ടു. രണ്ടുപേരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം.
മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനുമായി ബി.ഡബ്ല്യു.എസ്.എസ്.ബി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. ഡ്രെയിനേജ് ടാങ്കിനുള്ളിലെ വിഷവാതകങ്ങളും ഉയർന്ന ജലസമ്മർദ്ദവും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. ടാങ്കിനുള്ളിലെ വിഷവാതക തോത് നിയന്ത്രണ വിധേയമാക്കാനായി ദേശീയ ദുരന്ത നിവാരണ സേനയിലെ വിദഗ്ധരെയും അഗ്നിശമന സേനയിലെ വിദഗ്ധരെയും സ്ഥലത്തേക്ക് വിളിപ്പിച്ചു.
രക്ഷാപ്രവർത്തകർ ടാങ്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ടാങ്കിലെ വിഷവാതകം നീക്കം ചെയ്യുന്നതിനായി ഓക്സിജൻ പമ്പ് ചെയ്തു. ഓക്സിജൻ നിറച്ച ഉടൻ തന്നെ എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ ടാങ്കിലേക്ക് പ്രവേശിച്ച് തിരച്ചിൽ തുടർന്നു. ദുരന്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സമര്‍പ്പിക്കാനും ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ ഡോ. മഞ്ജുള ഉത്തരവിട്ടിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ബോർഡ് ചീഫ് എൻജിനീയർ ഡോ. കെ.എൻ. രാജീവ്, അഡീഷണൽ ചീഫ് എൻജിനീയർ ഡോ. കെ.എസ്. രേണുകുമാർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ വിനുത ഡി.എസ്. എന്നിവരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

