ബി.എം.ടി.സിയുടെ ‘നിംബസ്’ ആപ്പ് 26 മുതൽ
text_fieldsബംഗളൂരു: ബസുകളുടെ റൂട്ട്, ടിക്കറ്റ് നിരക്ക്, തത്സമയ ട്രാക്കിങ് സംവിധാനം എന്നിവ അടങ്ങിയ ബി.എം.ടി.സിയുടെ ‘നിംബസ്’ മൊബൈൽ ആപ്പ് ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ പ്രവർത്തനം ആരംഭിക്കും. അടുത്ത ഘട്ടത്തിൽ ടിക്കറ്റെടുക്കാനുള്ള സംവിധാനവും ആപ്പിൽ ലഭിക്കും. നിലവിൽ സർവിസ് നടത്തുന്ന 5600 ബസുകളെക്കുറിച്ചുള്ള വിവരങ്ങൾ നിംബസ് ആപ്പിൽ ലഭ്യമാകും. ഇതിൽ 400 എണ്ണം എ.സി ബസുകളാണ്.
ബസുകൾ ട്രാക്ക് ചെയ്യാനുള്ള ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം (ഐ.ടി.എസ്) എല്ലാ ബസുകളിലും സ്ഥാപിച്ചെങ്കിലും ഇതിന്റെ ഗുണം യാത്രക്കാർക്കു കൂടി നിംബസ് ആപ്പിലൂടെ ലഭിക്കും. നിലവിൽ സ്റ്റാർട്ട് അപ്പ് സംരംഭമായ ടുമോക്ക് ആപ്പ് ഉപയോഗിച്ച് ബി.എം.സിയുടെ പ്രതിദിന, പ്രതിമാസ പാസെടുക്കാൻ സൗകര്യമുണ്ട്.
നാലു വർഷം മുമ്പ് മൈ ബി.എം.ടി.സി എന്നപേരിലുള്ള ആപ്പ് പുറത്തിറക്കിയെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. പരാതികൾ വ്യാപകമായതോടെ അതിന്റെ പ്രവർത്തനം നിർത്തുകയായിരുന്നു.