ഉമർ ഖാലിദിനെക്കുറിച്ചുള്ള പ്രസ്താവനയിൽ ഉറച്ച് ബി.കെ. ഹരിപ്രസാദ്
text_fieldsബംഗളൂരു: ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി പ്രവര്‍ത്തകനായ ഉമര്‍ ഖാലിദിനെ ‘ദേശീയവാദി’ എന്ന് വിശേഷിപ്പിച്ചതിനെ ന്യായീകരിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.കെ. ഹരിപ്രസാദ്. ഉമര്‍ ഖാലിദിനെ ‘ദേശവിരുദ്ധന്‍’ എന്ന് മുദ്രകുത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനാപരവും ജനാധിപത്യപരവുമായ ചട്ടക്കൂടിനുള്ളിൽ നിന്ന് കാണേണ്ട വിഷയമാണിത്.
ഭരണഘടനയുടെ എതിരാളികൾ ആരാണ്. ത്രിവർണ പതാകയുടെ എതിരാളികൾ ആരാണ്. ദേശീയഗാനത്തിന്റെ എതിരാളികൾ ആരാണ് എന്ന് ഹരിപ്രസാദ് മാധ്യമപ്രവർത്തകരോട് ചോദിച്ചു. ആറ് വർഷം നിയമവിരുദ്ധമായി ജയിലിലടച്ചിട്ടും ഉമര്‍ ജുഡീഷ്യറിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും ജുഡീഷ്യറിയെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമര്‍ ഖാലിദിനെ ദേശവിരുദ്ധനായി വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്. അയാൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യാനോ കുറ്റപത്രം സമർപ്പിക്കാനോ സാധിച്ചിട്ടില്ല.
ആറ് വർഷമായി ഖാലിദിനെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചതിനെ അപലപിക്കുന്നുവെന്ന് ഹരിപ്രസാദ് പറഞ്ഞു.
ബംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റിയിൽ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സെപ്റ്റംബർ 15 ന് ഹരിപ്രസാദ് ഖാലിദിനെ ദേശീയവാദി എന്ന് വിശേഷിപ്പിച്ചിരുന്നു.
തുടര്‍ന്ന് എ.ബി.വി.പി സ്ക്രീനിങ്ങിനെ എതിർക്കുകയും ഹരിപ്രസാദിന്റെ പരാമർശങ്ങളെ വിമർശിക്കുകയും ചെയ്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

