കർണാടകയിൽ 20 പേരുമായി ബി.ജെ.പിയുടെ ആദ്യ പട്ടിക
text_fieldsയദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാർ, ബസവരാജ് ബൊമ്മൈ, ഡോ. സി.എൻ. മഞ്ജുനാഥ്
ബംഗളൂരു: കർണാടകയിൽ 20 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. പ്രതാപ് സിംഹ, നളിൻകുമാർ കട്ടീൽ, സദാനന്ദ ഗൗഡ തുടങ്ങിയവരടക്കം ഒമ്പത് സിറ്റിങ് എം.പിമാരെ തഴഞ്ഞപ്പോൾ മൈസൂരു-കുടക് സീറ്റിൽ മൈസൂരു കൊട്ടാരത്തിലെ യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാരെ സ്ഥാനാർഥിയാക്കി. ചിത്രദുർഗ, ബെളഗാവി, ഉത്തര കന്നട, ചിക്കബല്ലാപുര, റായ്ച്ചൂർ എന്നീ അഞ്ചു സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ജെ.ഡി-എസുമായി സഖ്യമുള്ളതിനാൽ മാണ്ഡ്യ, കോലാർ, ഹാസൻ എന്നീ സീറ്റുകൾ ജെ.ഡി-എസിന് വിട്ടു നൽകിയേക്കുമെന്നറിയുന്നു.
മുൻ മുഖ്യമന്ത്രിയും ഷിഗ്ഗോൺ എം.എൽ.എയുമായ ബസവരാജ് ബൊമ്മൈയെ ഹാവേരിയിലും കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയെ ധാർവാഡിലും മത്സരിപ്പിക്കും. സീറ്റിനായി ചരടുവലി നടത്തിയ മുൻ മന്ത്രി വി. സോമണ്ണക്ക് തുമകുരു സീറ്റ് നൽകി.
പ്രമുഖ കാർഡിയോളജിസ്റ്റും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മരുമകനുമായ ഡോ. സി.എൻ. മഞ്ജുനാഥ് ബി.ജെ.പി ചിഹ്നത്തിൽ ബംഗളൂരു റൂറൽ സീറ്റിൽ മത്സരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റിൽ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷാണ് മഞ്ജുനാഥിന് എതിർ സ്ഥാനാർഥി.
ബംഗളൂരു സൗത്തിൽ തേജസ്വി സൂര്യക്കും ബംഗളൂരു സെൻട്രലിൽ പി.സി. മോഹനും വീണ്ടും അവസരം നൽകി. ഉഡുപ്പി- ചിക്കമഗളൂരു സിറ്റിങ് എം.പിയായ ശോഭ കരന്ത്ലാജെയെ ബംഗളൂരു നോർത്ത് മണ്ഡലത്തിലേക്ക് മാറ്റി.
ഉഡുപ്പി- ചിക്കമഗളൂരു മണ്ഡലത്തിൽ നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ കോട്ട ശ്രീനിവാസ പൂജാരിക്ക് അവസരം നൽകി.
ശിവമൊഗ്ഗയിൽ സിറ്റിങ് എം.പി ബി.വൈ. രാഘവേന്ദ്രയെ പരിഗണിച്ചപ്പോൾ ദക്ഷിണ കന്നടയിൽ നളിൻകുമാർ കട്ടീലിനെയും ചാമരാജ് നഗറിൽ എം.പി. ശ്രീനിവാസിനെയും തഴഞ്ഞു.
ക്യാപ്റ്റൻ ബ്രിജേഷ് ചൗതയും എസ്. ബലരാജുമാണ് ഈ സീറ്റുകളിൽ യഥാക്രമം നിയോഗിക്കപ്പെട്ടത്.
ദാവൻകരെയിൽ സിറ്റിങ് എം.പി ജി.എം. സിദ്ധേശ്വരയുടെ ഭാര്യ ഗായത്രി സിദ്ധേശ്വര, കൊപ്പലിൽ കാരാടി സംഗണ്ണക്ക് പകരം ഡോ. ബസവരാജ് ക്യാവദോർ എന്നിവരെയും സ്ഥാനാർഥികളാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

