കേന്ദ്ര മന്ത്രിക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച് ബി.ജെ.പി പ്രവർത്തകർ
text_fieldsകേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെക്കെതിരെ പ്രതിഷേധ ഭാഗമായി ബി.ജെ.പി പ്രവർത്തകർ പാർട്ടി ഓഫിസ് ഉപരോധിച്ചപ്പോൾ
മംഗളൂരു: കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ശോഭ കരന്ദ്ലാജെയെ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ മൂന്നാമതും സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ഞായറാഴ്ച ചിക്കമഗളൂരു പാർട്ടി ഓഫിസ് ഉപരോധിച്ചു. മുൻ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര എം.എൽ.എ, പാർട്ടി സംസ്ഥാന വക്താവ് ഭാനു പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. ജില്ല പ്രസിഡന്റ് ദേവരാജ് ഷെട്ടിയും മറ്റു നേതാക്കളും എത്ര ശ്രമിച്ചിട്ടും പ്രവർത്തകർ അടങ്ങിയില്ല. 10 വർഷം മണ്ഡലം അവഗണിച്ച ശോഭ കരന്ദ്ലാജെയെ ഇനിയും അടിച്ചേൽപിക്കരുതെന്ന ആവശ്യത്തിൽനിന്ന് പിറകോട്ടില്ലെന്ന് പ്രവർത്തകർ പറഞ്ഞു. ചിക്കമഗളൂരുവിൽ മന്ത്രിക്കെതിരെ പോസ്റ്ററുകൾ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം തുടരുന്നുണ്ട്. ഉഡുപ്പിയിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്ത മോട്ടോർ സൈക്കിൾ റാലിയിലൂടെയും മന്ത്രിക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പ്രമോദ് മധ്വരാജ് ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധനായി കരുക്കൾ നീക്കുന്നതിന്റെ ഭാഗമാണിതെന്ന് നിരീക്ഷണമുണ്ട്. ഒന്നാം സിദ്ധരാമയ്യ മന്ത്രിസഭയിൽ ഫിഷറീസ്-യുവജന മന്ത്രിയായിരുന്നു അദ്ദേഹം. 2018ൽ ഉഡുപ്പി മണ്ഡലത്തിൽ ബി.ജെ.പിയുടെ കെ. രഘുപതി ഭട്ടിനോട് 2000 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് സഖ്യത്തിൽ ജെ.ഡി.എസ് സ്ഥാനാർഥിയായാണ് മത്സരിച്ചത്. എതിരാളി ശോഭ കരന്ദ്ലാജെ 7,18,915 വോട്ടുകൾ നേടി വിജയിച്ചു. പ്രമോദിന് 3,69,317 വോട്ടുകളാണ് ലഭിച്ചത്. 2022 മേയിൽ ബി.ജെ.പിയിൽ ചേർന്നു. മത്സ്യത്തൊഴിലാളി മേഖലയിൽനിന്നുള്ള നേതാവാണ് മധ്വരാജ്. ദക്ഷിണ കന്നട ജില്ലയിൽ പുത്തൂരിലെ ഗൗഡ കുടുംബാംഗമാണ് ശോഭ കരന്ദ്ലാജെ.
പാർട്ടിക്കകത്തെ എതിർപ്പ് വിലയിരുത്താൻ നേതൃത്വത്തിന് അവസരമായി -മന്ത്രി ശോഭ
മംഗളൂരു: ഉഡുപ്പി-ചിക്കമഗളൂരു ലോക്സഭ മണ്ഡലത്തിൽ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിയിൽ ഉയർന്ന എതിർപ്പ് നേതൃത്വത്തിന് തന്നെ വിലയിരുത്താൻ സഹായകമായെന്ന് കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ശോഭ കരന്ദ്ലാജെ പറഞ്ഞു. ശോഭയെ മൂന്നാമതും സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ചിക്കമഗളൂരുവിൽ പോസ്റ്റർ പ്രചാരണവും ഉഡുപ്പിയിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്ത മോട്ടോർ സൈക്കിൾ റാലിയും നടത്തിയിരുന്നു.
എതിർപ്പ് ഇല്ലായിരുന്നെങ്കിൽ ശോഭ പാർട്ടിക്കുവേണ്ടി നന്നായി പണിയെടുക്കുന്നു എന്നു പറയുക മാത്രമാണ് നേതൃത്വം ചെയ്യുകയെന്ന് കേന്ദ്ര മന്ത്രി ശനിയാഴ്ച ബളഗാവിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മണ്ഡലത്തിൽ നടപ്പാക്കിയ വികസനവും പാർട്ടിക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളും ഒപ്പം നിരീക്ഷിക്കാനുള്ള സാഹചര്യം എതിർപ്പിലൂടെയുണ്ടായി. ഇത് തനിക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നു. രണ്ടു മേഖലയിലും നന്നായി പ്രവർത്തിച്ചുവെന്നാണ് സ്വയം വിലയിരുത്തൽ -ശോഭ പറഞ്ഞു.
മണ്ഡലത്തിന്റെ വികസനത്തിനായി മന്ത്രി ഒന്നും ചെയ്തില്ലെന്നാരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്. ചിക്കമംഗളൂരുവിൽ ശോഭ കരന്ദ്ലാജെക്കെതിരെ ഗോബാക്ക് പോസ്റ്റർ പതിക്കലും പ്രകടനങ്ങളും സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

