ഗവർണറുടെ ഫോൺ ചോർത്തിയതായി ബി.ജെ.പി; നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം
text_fieldsവിധാന സൗധയിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ മന്ത്രി എച്ച്.കെ. പാട്ടീൽ സംസാരിക്കുന്നു
ബംഗളൂരു: കോൺഗ്രസ് സർക്കാർ ഗവർണർ താവർചന്ദ് ഗെഹലോട്ടിന്റെ ഫോൺ ചോർത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി രംഗത്ത്. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചക്കിടെയാണ് ആരോപണങ്ങൾ ഉയർന്നത്. ഗവർണർ താവർചന്ദ് ഗെഹലോട്ടിന് കേന്ദ്രത്തില്‍നിന്ന് ഫോൺ കാളുകൾ ലഭിക്കുന്നുണ്ടെന്നും ആ നിർദേശങ്ങൾക്കനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും നിയമമന്ത്രി എച്ച്.കെ. പാട്ടീൽ സഭയിൽ പറഞ്ഞു.
ഗവർണർക്ക് ഡൽഹിയിൽനിന്ന് ഫോൺ വരുന്നുണ്ടെന്ന് മന്ത്രി അറിഞ്ഞതെങ്ങനെയെന്നും രാജ്ഭവനിലെ ഫോണുകൾ സർക്കാർ ചോർത്തുന്നുണ്ടോ എന്നും ബി.ജെ.പി എം.എൽ.എ സുരേഷ് കുമാർ ചോദ്യമുന്നയിച്ചു. ഇത് ഭരണഘടന ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ ഇതിനുത്തരമായി ഗവർണർക്ക് ആർ.എസ്.എസ് ആസ്ഥാനമായ ‘കേശവ കൃപ’യിൽനിന്നും ഫോൺ കാളുകൾ ലഭിക്കുന്നുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇത് സഭയിലെ തര്‍ക്കം രൂക്ഷമാക്കി. 1988ൽ ഫോൺ ചോർത്തൽ വിവാദത്തെത്തുടർന്ന് രാമകൃഷ്ണ ഹെഗ്ഡെ സർക്കാർ രാജിവെക്കേണ്ടിവന്ന സാഹചര്യം പ്രതിപക്ഷ നേതാവ് ആർ. അശോക സഭയെ ഓർമിപ്പിച്ചു. ഗവർണറുടെ ഫോൺ ചോർത്തുന്നത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന നിയമസഭയുടെ സംയുക്ത സമ്മേളനത്തിൽ സർക്കാർ തയാറാക്കി നൽകിയ പ്രസംഗം പൂർണമായി വായിക്കാൻ ഗവർണർ തയാറായിരുന്നില്ല. വെറും മൂന്ന് വരികൾ മാത്രം വായിച്ച് അദ്ദേഹം മടങ്ങിയത് സർക്കാറിനെ പ്രകോപിപ്പിച്ചിരുന്നു. ആരോപണം തെറ്റാണെങ്കിൽ ഗവർണറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ നിഷേധിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി എച്ച്.കെ. പാട്ടീൽ ചോദിച്ചു. സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദം മൂലം സഭ നടപടികൾ തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

