ബി.ജെ.പിയുടെ ജനാക്രോശ യാത്രക്ക് തുടക്കം
text_fieldsബി.ജെ.പി സംസ്ഥാന കമ്മിറ്റി നയിക്കുന്ന ‘ജനാക്രോശ യാത്ര’ തിങ്കളാഴ്ച മൈസൂരുവിൽ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കോൺഗ്രസ് സർക്കാറിന്റെ നയങ്ങൾക്കെതിരെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി നയിക്കുന്ന ‘ജനാക്രോശ യാത്ര’ക്ക് തിങ്കളാഴ്ച മൈസൂരുവിൽ തുടക്കം. വിലക്കയറ്റം, മുസ്ലിം ക്വോട്ട തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് 16 ദിവസം നീളുന്ന പദയാത്ര ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടത്തിയ രാപ്പകൽ സമരത്തിന്റെ തുടർച്ചയായാണ് പദയാത്ര സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച മൈസൂരു അശോക റോഡിലെ നെഹ്റു സർക്കിളിൽനിന്ന് ടൗൺഹാളിലേക്കായിരുന്നു പദയാത്ര അരങ്ങേറിയത്.
കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി നേതാക്കളായ സി.ടി. രവി, അശ്വത് നാരായൻ, ഗോവിന്ദ് കർജോൾ, ബി. ശ്രീരാമുലു, ഡി.വി. സദാനന്ദ ഗൗഡ തുടങ്ങിയവർ നേതൃത്വം നൽകി. നാല് ഘട്ടങ്ങളിലായി നടക്കുന്ന പദയാത്ര എല്ലാ ജില്ലകളിലും പ്രവേശിച്ച് മേയ് മൂന്നിന് സമാപിക്കും.
ഏപ്രിൽ 12 വരെ മൈസൂരു, മാണ്ഡ്യ, ഹാസൻ, കുടക്, മംഗളൂരു, ഉഡുപ്പി, ചിക്കമഗളൂരു, ശിവമൊഗ്ഗ, ഉത്തര കന്നഡ എന്നീ ജില്ലകളിലാണ് പദയാത്രയുടെ ആദ്യഘട്ടം നടക്കുക. പിന്നീട് മധ്യകർണാടക മേഖലയിലും വടക്കൻ കർണാടക മേഖലയിലും പദയാത്ര നടത്തും. ബംഗളൂരു മേഖലയിലാണ് സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

