കർണാടക തെരഞ്ഞെടുപ്പിന് ബി.ജെ.പി ചെലവഴിച്ചത് 196.7 കോടി
text_fieldsബംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ബി.ജെ.പി ചെലവഴിച്ചത് 196.7 കോടി രൂപ. ഭരണത്തിലേറിയ കോൺഗ്രസ് ചെലവഴിച്ചതിനെക്കാൾ 43 ശതമാനം അധികമാണിത്. 136.9 കോടി രൂപയാണ് കോൺഗ്രസ് ചെലവിട്ടത്. തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കിലാണ് ഈ വിവരങ്ങൾ.
196.7 കോടിയിൽ 149.36 കോടി രൂപ പാർട്ടിയുടെ പൊതുപ്രചാരണത്തിനാണ് ബി.ജെ.പി വിനിയോഗിച്ചത്. 47.33 കോടി സ്ഥാനാർഥികളുടെ ചെലവിനായും വിനിയോഗിച്ചു.
പരസ്യം, ഇലക്ട്രോണിക് മീഡിയ, മെസേജുകൾ, വെബ്സൈറ്റ്, ടി.വി ചാനലുകൾ എന്നിവക്കായി 78.10 കോടിയാണ് ചെലവഴിച്ചത്. ഇതിൽ ടി.വി ചാനലുകൾ, പത്രങ്ങൾ, ഫേസ്ബുക്ക്, ഗൂഗ്ൾ, വാട്സ്ആപ് എന്നിവക്ക് നൽകിയ പണത്തിന്റെ പ്രത്യേകം കണക്കുകളും തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.
സ്റ്റാർ കാമ്പയിനർമാരുടെ യാത്രക്കായി ബി.ജെ.പി മുടക്കിയത് 37.64 കോടിയാണ്. മേയ് 10ന് തെരഞ്ഞെടുപ്പും 13ന് ഫലപ്രഖ്യാപനവും നടന്നെങ്കിലും മാർച്ച് 29 മുതൽ മേയ് 15 വരെ ‘സർവേ’ നടത്തിയ വകയിൽ 5.9 ലക്ഷവും ബി.ജെ.പി ചെലവിൽ കാണിച്ചിട്ടുണ്ട്.
136.9 കോടി ചെലവഴിച്ച കോൺഗ്രസാകട്ടെ, 79.44 കോടി രൂപ പൊതുപ്രചാരണത്തിനും 45.6 കോടി സ്ഥാനാർഥികളുടെ പ്രചാരണത്തിനായും വിനിയോഗിച്ചു.
2018 നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 122.68 കോടിയും കോൺഗ്രസ് 34.48 കോടിയുമാണ് ചെലവഴിച്ചത്. ശതമാനക്കണക്ക് നോക്കിയാൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ ചെലവ് 60 ശതമാനവും കോൺഗ്രസിന്റേത് 300 ശതമാനത്തോളവും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

