ബി.ജെ.പി എം.എൽ.എ യത്നാലും തൻവീർ പീരയും ബിസിനസ് പങ്കാളികളെന്ന് റിപ്പോർട്ട്
text_fieldsബംഗളൂരു: ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലും സൂഫി ആത്മീയ പ്രഭാഷകൻ സെയ്ദ് തൻവീർ ഹാശ്മി എന്ന തൻവീർ പീരയും ബിസിനസ് പങ്കാളികളെന്ന് റിപ്പോർട്ട്. തൻവീർ പീരക്കെതിരെ ഐ.എസ് ബന്ധം ആരോപിച്ച് യത്നാൽ രംഗത്തുവരുകയും ആരോപണം തെളിയിക്കാൻ തൻവീർ പീര യത്നാലിനെ വെല്ലുവിളിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെയാണ് ഇരുവരുടെയും കുടുംബസൗഹൃദവും ബിസിനസ് പങ്കാളിത്തവും സംബന്ധിച്ച വിവരം പുറത്തുവരുന്നത്. വിജയപുര ഗാന്ധി ചൗക്കിനു സമീപം പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ഹോട്ടലിന്റെ പാർട്ണർമാരാണ് ഇരുവരുമെന്നാണ് വിവരം. വിജയപുര-കലബുറഗി ദേശീയപാതയിൽ മഹൽ ഐനാപുർ വില്ലേജിനു സമീപം ഇരുകുടുംബങ്ങളുടെയും വീടുകളും ഷോപ്പിങ് കോംപ്ലക്സുകളും അടുത്തടുത്തായി സ്ഥിതിചെയ്യുന്നുമുണ്ട്.
യത്നാലിന്റെയും തൻവീർ പീരയുടെയും കുടുംബങ്ങൾ ബിസിനസിൽ പങ്കാളികളായിരിക്കെ, തൻവീറിനെതിരെ തീവ്രവാദ ബന്ധം ആരോപിക്കാൻ യത്നാലിന് ഒരു ധാർമികാവകാശവുമില്ലെന്ന് കെ.പി.സി.സി വക്താവ് എസ്.എം. പാട്ടീൽ ഗനിഹർ വിജയപുരയിൽ നടന്ന വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ആരോപണം അദ്ദേഹം പിൻവലിക്കുകയോ അല്ലെങ്കിൽ എം.എൽ.എ സ്ഥാനം രാജിവെക്കുകയോ വേണം. യത്നാലിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു.
യത്നാലും തൻവീറും വളരെ അടുത്ത ബന്ധമുള്ളവരാണെന്ന് കർണാടക രക്ഷണ വേദികെ വിജയപുര ജില്ല പ്രസിഡന്റ് എം.സി. മുല്ലയും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളുടെ വീട്ടിൽ ഇരുവരും ഒന്നിച്ചിരുന്നിട്ടുണ്ട്. ഒരുമിച്ച് ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടുമുണ്ട്. പല അവസരങ്ങളിൽ ഇരുവരും വേദി പങ്കിട്ടിട്ടുണ്ട് -അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ തൻവീർ പീര കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതാണ് യത്നാൽ അദ്ദേഹത്തിനെതിരെ തീവ്രവാദ ബന്ധം ആരോപിക്കാൻ കാരണമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടിയാണ് തൻവീർ നിലകൊണ്ടതെന്നും അഹിന്ദ നേതാവ് സോമനാഥ് കല്ലിമണി പറഞ്ഞു.
മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗവും മുസ്ലിം മുത്തഹിദ കൗൺസിൽ പ്രസിഡന്റും ജമാഅത്തെ അഹ് ലെ സുന്ന കർണാടക പ്രസിഡന്റുമാണ് തൻവീർ പീര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

