ബി.ജെ.പി എം.എൽ.എയുടെ വിദ്വേഷ പ്രസംഗം: ക്ഷേത്ര കമ്മിറ്റി മുസ്ലിംകളോട് ഖേദം പ്രകടിപ്പിച്ചു
text_fieldsമംഗളൂരു: ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവ ചടങ്ങിനിടെ ബെൽത്തങ്ങാടി ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെതുടർന്ന് തെക്കരു ശ്രീഗോപാലകൃഷ്ണ ക്ഷേത്ര ഭരണസമിതി പ്രാദേശിക മുസ്ലിം നേതാക്കൾക്ക് ഖേദപ്രകടന കത്ത് നൽകി.
ഹിന്ദു, മുസ്ലിം സമുദായ നേതാക്കൾ വിളിച്ചുചേർത്ത യോഗത്തിലാണ് കത്ത് അവതരിപ്പിച്ചത്. ദേവര ഗുഡ്ഡെ സേവാ ട്രസ്റ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണ ഭത്രബൈലു സരളിക്കാട്ടെ മുസ്ലിം ഒക്കൂട്ടത്തിന് നൽകിയ കത്തിൽ മുസ്ലിം സമൂഹത്തിൽനിന്നുള്ള തുടർച്ചയായ സഹകരണം ബോർഡ് സ്വാഗതം ചെയ്യുന്നുവെന്നും ഗ്രാമത്തിൽ സാമുദായിക ഐക്യം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.
ഈ മാസം മൂന്നിന് രാത്രി ബ്രഹ്മകലശോത്സവ ആഘോഷത്തിഎം.എൽ.എ നിടെയാണ് സംഭവം നടന്നത്. എം.എൽ.എ ഹരീഷ് പൂഞ്ച പ്രാദേശിക മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിക്കപ്പെട്ടു. മുസ്ലിംകൾ ക്ഷേത്രത്തിലെ വിളക്കുകൾ നശിപ്പിക്കുകയും ഡീസൽ മോഷ്ടിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഈ പരാമർശങ്ങൾ വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പ്രസംഗം വർഗീയവും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച് വിവിധ കോണുകൾ ഇതിനെ അപലപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിൽ എം.എൽ.എക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എം.എൽ.എയുടെ പ്രസംഗത്തിൽ വിശദീകരണം തേടി മുസ്ലിം പ്രതിനിധികൾ നേരത്തേ ക്ഷേത്ര ബോർഡിന് കത്ത് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് സംയുക്ത യോഗം നടന്നത്.
യോഗത്തിൽ ബോർഡ് മുസ്ലിം സമുദായത്തിന്റെ സംഭാവനകൾ അംഗീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. തെക്കരുവിലെ മുസ്ലിം നിവാസികൾ ക്ഷേത്രോത്സവത്തിന് വിവിധ രീതികളിൽ സജീവമായി പിന്തുണ നൽകിയതായി ബോർഡിന്റെ ശ്രദ്ധയിൽപെട്ടു.
പരിപാടിക്കായി മുനീർ ഒരു മരം സംഭാവന ചെയ്തു. വേദി പണിയാൻ അബ്ബാസ് സ്ഥലം നൽകി. ടി.എച്ച്. ഉസ്താദിന്റെ കുട്ടികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാഹന പാർക്കിങ് ക്രമീകരിച്ചു. മുസ്ലിം കുടുംബങ്ങൾ ജലവിതരണത്തിനും ഭക്ഷണവിതരണത്തിനുമായി അവരുടെ സ്വത്തുക്കൾ വാഗ്ദാനം ചെയ്തു. കൂടാതെ സാമ്പത്തികമായി സംഭാവനയും നൽകി. പരിപാടിയുടെ വിജയം ആശംസിക്കുന്ന ബാനറുകളും പ്രാദേശിക മുസ്ലിംകൾ പ്രദർശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

