സ്പീക്കറുടെ ഓഫിസിനെതിരെ അഴിമതി ആരോപണവുമായി ബി.ജെ.പി എം.എൽ.എ
text_fieldsനിയമസഭ സ്പീക്കർ യു.ടി. ഖാദർ
മംഗളൂരു: നവീകരണ പ്രവൃത്തികളുടെയും പുസ്തകമേളയുടെയും മറവിൽ നിയമസഭ സ്പീക്കർ യു.ടി. ഖാദറിന്റെ ഓഫിസ് വൻ ക്രമക്കേടും അഴിമതിയും നടത്തിയതായി മംഗളൂരു നോർത്ത് മണ്ഡലം ബി.ജെ.പി എം.എൽ.എ ഡോ. വൈ. ഭരത് ഷെട്ടി. സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമസഭാംഗങ്ങൾ ആവശ്യപ്പെടാതെതന്നെ മുറികളിൽ സ്മാർട്ട് ലോക്കുകൾ സ്ഥാപിച്ചു. കിടക്കകൾ, ബെഡ് ഷീറ്റുകൾ, കർട്ടനുകൾ, തലയിണകൾ, മറ്റ് ഫർണിച്ചർ എന്നിവ അനാവശ്യമായി സ്ഥാപിച്ചു. നേരത്തേ, ആവശ്യമുള്ളപ്പോഴെല്ലാം കേടായ വസ്തുക്കൾ മാറ്റിസ്ഥാപിച്ചിരുന്നു. അനാവശ്യമായി കസേരകളും മറ്റ് ഫർണിച്ചറും നൽകി.
നിയമസഭ എസ്റ്റേറ്റ് മാനേജരോട് ചോദിച്ചപ്പോൾ സ്പീക്കറുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണെന്നാണ് അറിഞ്ഞത്. ടെൻഡർ ചെയ്യുന്നതിൽനിന്ന് ഒഴിവാക്കലുകൾ അനുവദിക്കുന്ന കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് ആക്ടിലെ (കെ.ടി.പി.പി ആക്ട്) സെക്ഷൻ നാല് (ജി) പ്രകാരം നിരവധി വാങ്ങലുകൾ നടത്തി. സ്പീക്കറുടെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം. കെ.ടി.പി.പി ആക്ടിന് കീഴിൽ സ്പീക്കറുടെ ഓഫിസിന് നാല് (ജി) ഇളവ് എങ്ങനെ ലഭിച്ചുവെന്നത് സംശയകരമാണ്.
പരിഷ്കാരങ്ങൾ ആവശ്യമുണ്ടെങ്കിൽ സർക്കാർ മാർഗനിർദേശങ്ങൾക്കനുസൃതമായി ടെൻഡർ നടപടിക്രമങ്ങളിലൂടെ നടത്തണമായിരുന്നു. സ്മാർട്ട് ലോക്കുകൾ, സ്മാർട്ട് സേഫ് ലോക്കറുകൾ, സ്മാർട്ട് എനർജി സൊല്യൂഷനുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ പ്യൂരിഫയറുകൾ എന്നിവ ഉയർന്ന വിലക്കാണ് വാങ്ങിയത്.
ഈ വിഷയം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തുകയും വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കുകയും ചെയ്യും. വിധാൻ സൗധയിൽ അഞ്ചു ദിവസത്തെ പുസ്തകമേളക്ക് 4.5 കോടി രൂപ ചെലവഴിച്ചു. നിയമസഭയുടെ പ്രവേശന കവാടത്തിൽ റോസ് വുഡ് വാതിലുകൾ സ്ഥാപിച്ചിട്ടുണ്ട്.
പരവതാനികൾ പൂർണമായി മാറ്റിസ്ഥാപിച്ചു. റോഡ് വികസനത്തിന് എം.എൽ.എമാർ ഫണ്ട് ആവശ്യപ്പെടുമ്പോൾ മാത്രം അനുവദിക്കുന്നില്ല. വിധാൻ സൗധയിലെ ലോഞ്ച് മസാജ് പാർലർ ആയി. അവിടെ യന്ത്രങ്ങൾ വിപണനം ചെയ്യുന്നു. എല്ലാവർക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നു. അതിന്റെ കണക്ക് ആവശ്യമാണ്. ഭക്ഷണം സബ്സിഡിയാണോ അതോ സൗജന്യമാണോ എന്ന് അറിയണമെന്നും എം.എൽ.എ പറഞ്ഞു.
അസൂയക്ക് പരിഹാരമില്ല; പരാതി രേഖാമൂലം സമർപ്പിക്കാം -സ്പീക്കർ
മംഗളൂരു: തനിക്കോ തന്റെ ഓഫിസിനോ എതിരെ അഴിമതി ആരോപിക്കുന്ന ആർക്കും ബംഗളൂരുവിലെ ഓഫിസ് സന്ദർശിച്ച് സംശയങ്ങൾ രേഖാമൂലം സമർപ്പിക്കാമെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു. ഡോ. വൈ. ഭരത് ഷെട്ടി എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളോട് മംഗളൂരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടു.
അസൂയക്ക് പരിഹാരമില്ല. വികസന പ്രവർത്തനങ്ങൾ തുടരും. സ്പീക്കർ സ്ഥാനത്തിന്റെയും നിയമസഭയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കാൻ എല്ലാം ചെയ്യും. എം.എൽ.എമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തന്റെ കടമയാണ്. ഇനിയും അത് തുടരും. ആരോപണങ്ങൾ തനിക്ക് പുതിയതല്ല.
എം.എൽ.എ ആയതുമുതൽ നേരിടുന്നു. അത്തരം ആരോപണങ്ങൾ മറികടന്നാണ് ഈ സ്ഥാനത്ത് എത്തിയത്. തന്റെ മണ്ഡലത്തിലെ വോട്ടർമാർക്ക് തന്നെ നന്നായി അറിയാമെന്ന് ഉറപ്പുണ്ട്. മന്ത്രിസഭ പുനഃസംഘടനയും തനിക്ക് പുതിയ ഉത്തരവാദിത്തം നൽകുമെന്ന അഭ്യൂഹങ്ങളും ശ്രദ്ധയസ്പെട്ടിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

