കലബുറുഗി ജില്ല കലക്ടർ പാകിസ്താൻ വംശജയെന്ന പരാമർശം; ക്ഷമാപണം നടത്തി ബി.ജെ.പി നേതാവ്
text_fieldsബംഗളൂരു: കലബുറുഗി ജില്ല കലക്ടർ ഫൗസിയയെ പാകിസ്താൻ വംശജയെന്ന് വിളിച്ചതിനെ തുടർന്നുള്ള പ്രതിഷേധത്തിനൊടുവിൽ ക്ഷമാപണം നടത്തി ബി.ജെ.പി ലോക്കൽ കമ്മിറ്റി നേതാവ് എൻ.രവികുമാർ. ശനിയാഴ്ച കലബുറുഗിയിൽ നടന്ന ബി.ജെ.പി പ്രതിഷേധ റാലിക്കിടെ നടത്തിയ പരാമർശമാണ് വിവാദമായത്.
'അതൊരു വൈകാരിക പരാമർശം മാത്രമായിരുന്നു. ഞാൻ അത് പറയാൻ പാടില്ലായിരുന്നു. ബി.ജെ.പി ഉത്തരവാദിത്തമുള്ള ഒരു കേന്ദ്ര ഭരണകക്ഷിയാണ്. അത്തരമൊരു പരാമർശം നടത്തിയത് എന്റെ ഭാഗത്തുനിന്നുള്ള ശരിയായ നടപടിയല്ല. എന്റെ പരാമർശത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു.' എന്ന് വാർത്ത സമ്മേളനത്തിൽ രവികുമാർ പറഞ്ഞു.
'കലബുറുഗി ഡി.സി പാകിസ്താനിൽ നിന്നാണോ വന്നതെന്ന് എനിക്കറിയില്ല' എന്നായിരുന്നു രവികുമാറിന്റെ വിവാദ പരാമർശം. തുടർന്ന് കലബുറുഗിയിലെ സ്റ്റേഷൻ ബസാർ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച സ്വകാര്യവ്യക്തി നൽകിയ പരാതിയനുസരിച്ചാണ് രവികുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഫൗസിയയെ വർഗീയമായി വിമർശിച്ചതിനു പുറമേ പട്ടികജാതി സമുദായത്തിലെ അംഗങ്ങൾക്കും അഡീ. എസ്.പി മഹേഷ് മേഘ്‌നവർ, ഡി.വൈ.എസ്.പി ശങ്കർഗൗഡ പാട്ടീൽ, സർക്കിൾ ഇൻസ്‌പെക്ടർ ചന്ദ്രശേഖർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ അദ്ദേഹം അധിക്ഷേപ പരാമർശം നടത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

