ബി.ജെ.പി മതവികാരം ഇളക്കിവിടുന്നു -മന്ത്രി ദിനേശ് ഗുണ്ടുറാവു
text_fieldsമന്ത്രി ദിനേശ് ഗുണ്ടുറാവു മംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
മംഗളൂരു: ധർമസ്ഥല ഗ്രാമത്തിൽ ഒന്നിലധികം മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി തിങ്കളാഴ്ച നിയമസഭയിൽ പ്രതികരിക്കുമെന്നും എല്ലാ വസ്തുതകളും അപ്പോൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ദേശീയ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഗുണ്ടുറാവു, മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരയും ഈ വിഷയത്തിൽ സഭയിൽ സംസാരിക്കാമെന്ന് പറഞ്ഞു. പൊലീസ് നിയമപ്രകാരം നടപടി സ്വീകരിക്കും. ഈ കേസ് ദേശീയ, അന്തർദേശീയ ശ്രദ്ധ ആകർഷിച്ചു. ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മുതിർന്ന ഉദ്യോഗസ്ഥരുടെ സമഗ്രമായ അന്വേഷണം സംശയങ്ങൾ ദൂരീകരിക്കും.
വിവിധ പ്രസ്താവനകളുടെ അടിസ്ഥാനത്തിലല്ല, വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. ഗൂഢാലോചന തള്ളിക്കളയാനാവില്ലെങ്കിലും അന്വേഷണത്തിന് മാത്രമേ അത് സ്ഥിരീകരിക്കാൻ കഴിയൂ. എത്രനാൾ ഖനനം തുടരണമെന്ന് എസ്.ഐ.ടി തീരുമാനിക്കും. മഴക്കാലത്ത് വനപ്രദേശങ്ങളിൽ കുഴിക്കൽ എളുപ്പമല്ല. ബുദ്ധിമുട്ടുകൾക്കിടയിലും പൊലീസ് ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. അവർക്ക് ഇടപെടലുകളില്ലാതെ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
ലോക്കൽ പൊലീസ് അന്വേഷണം മതിയെന്ന് തുടക്കത്തിൽ തോന്നിയെങ്കിലും, ഇടതുപക്ഷ ചായ്വുള്ള ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള വിവിധ സംഘടനകളിൽനിന്നുള്ള സമ്മർദവും എസ്.ഐ.ടി അന്വേഷണം മികച്ചതായിരിക്കുമെന്ന ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെയുടെ സ്വന്തം അഭിപ്രായവും ഈ തീരുമാനത്തിലേക്ക് നയിച്ചതായി മന്ത്രി പറഞ്ഞു.
ലോക്കൽ പൊലീസ് മാത്രം അത് കൈകാര്യം ചെയ്തിരുന്നെങ്കിൽ, പക്ഷപാതപരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുമായിരുന്നു. ഇപ്പോൾ, മുതിർന്ന ഉദ്യോഗസ്ഥർ സമ്മർദമില്ലാതെ അന്വേഷണം നടത്തുന്നു. ഈ വിഷയത്തിൽനിന്ന് ബി.ജെ.പി രാഷ്ട്രീയ നേട്ടം കൊയ്യുകയാണെന്ന് ഗുണ്ടുറാവു ആരോപിച്ചു. 10 ദിവസമായി അവർ നിശ്ശബ്ദരായിരുന്നു.
ഇപ്പോൾ അവർ അത് രാഷ്ട്രീയ നേട്ടത്തിനായി മുതലെടുക്കാൻ ശ്രമിക്കുകയാണ്. മതപരമായ കാര്യങ്ങൾ രാഷ്ട്രീയത്തിനായി ഉപയോഗിക്കുക എന്ന അവരുടെ പഴയ തന്ത്രമാണിത്. തെറ്റായ വിവരങ്ങളിലാണ് ബി.ജെ.പിയും സംഘ്പരിവാറും വളരുന്നത് -അദ്ദേഹം പറഞ്ഞു.
മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിന്റെ പവിത്രതയുമായി അന്വേഷണത്തിന് ഒരു ബന്ധവുമില്ല. ക്ഷേത്രപരിസരത്തല്ല, കാട്ടിലാണ് ഖനനം നടക്കുന്നത്. ഭക്തർക്ക് ക്ഷേത്രത്തിലുള്ള വിശ്വാസം എളുപ്പത്തിൽ നഷ്ടപ്പെടില്ല. ബി.ജെ.പി വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

