ധർമസ്ഥലയിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നു -മുഖ്യമന്ത്രി
text_fieldsബംഗളൂരു: ധർമസ്ഥല കേസിൽ പ്രതിപക്ഷമായ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച ആരോപിച്ചു. വിഷയത്തിൽ വസ്തുതകൾ സ്ഥാപിക്കാൻ എസ്.ഐ.ടി സ്വതന്ത്ര അന്വേഷണം നടത്തുന്നുണ്ടെന്നും തന്റെ സർക്കാർ അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും പറഞ്ഞു.
കേസിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെടുന്ന ബി.ജെ.പിയോട്, സംസ്ഥാന പൊലീസിൽ വിശ്വാസമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുടെ ‘ധർമസ്ഥല ചലോ’റാലിയെ അദ്ദേഹം ‘രാഷ്ട്രീയം’എന്ന് വിശേഷിപ്പിച്ചു. "ഇത് ധർമ യാത്രയല്ല, രാഷ്ട്രീയ യാത്രയാണ്. എസ്.ഐ.ടി കേസ് അന്വേഷിക്കുന്നുണ്ട്, അവർക്ക് (ബി.ജെ.പി) നമ്മുടെ പൊലീസിൽ വിശ്വാസമില്ലേ, അവർ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെടുന്നു. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്താത്തതിന് ശേഷമാണ് അവർ സംസാരിക്കാൻ തുടങ്ങിയത്. സത്യം പുറത്തുവരുന്നതിനും സംശയത്തിന്റെ വാളിൽ നിന്ന് മുക്തി നേടുന്നതിനും വേണ്ടി ധർമസ്ഥല ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെ തന്നെ എസ്.ഐ.ടി അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്’-സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ധർമസ്ഥലക്കെതിരായ ഗൂഢാലോചനക്ക് വിദേശ ധനസഹായം ലഭിക്കുന്നെന്ന് ബി.ജെ.പി ആരോപിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ഇതെല്ലാം ചെയ്യാൻ ബി.ജെ.പിയുടെ കൈവശം ഫണ്ടുണ്ട്, പണം എവിടെ നിന്ന് വരുന്നു? ആരാണ് അവർക്ക് പണം നൽകുന്നത്’എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. എല്ലാ വിഷയങ്ങളും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ‘സർക്കാറിനെ വിമർശിക്കാൻ പ്രതിപക്ഷ പാർട്ടിയെ അനുവദിക്കുന്നതിനാൽ എല്ലാം രാഷ്ട്രീയവത്കരിക്കരുത്. അവർ അത് ചെയ്യുന്നത് രാഷ്ട്രീയത്തിനുവേണ്ടിയാണ്.
അവർ ചെയ്യുന്നതിലും പറയുന്നതിലും ഒരു സത്യവുമില്ല. വിദേശ ധനസഹായം ലഭിച്ചതായി ആരോപിക്കപ്പെടുന്നതായി തനിക്ക് അറിയില്ലായിരുന്നെന്നും അത് അന്വേഷണത്തിൽ നിന്ന് പുറത്തുവരട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പരാതിക്കാരനായ സി.എൻ. ചിന്നയ്യ കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോകയെ പോലുള്ള ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ബി.ജെ.പി നേതാക്കൾ ഓരോ ദിവസവും വ്യത്യസ്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നത് തെറ്റാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

