ബി.ജെ.പി ആദ്യ സ്ഥാനാർഥി പട്ടിക 52 പുതുമുഖങ്ങൾ
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള 189 പേരുടെ ആദ്യ സ്ഥാനാർഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. പട്ടികയിൽ 52 പേർ പുതുമുഖങ്ങളാണ്. എട്ടുപേർ വനിതകൾ. 32 പേർ ഒ.ബി.സി വിഭാഗക്കാരും 30 പേർ പട്ടിക ജാതിക്കാരും 16 പേർ പട്ടിക വർഗക്കാരുമാണ്.
നിരവധി എം.എൽ.എമാർ പട്ടികയിൽനിന്ന് പുറത്തായപ്പോൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചെത്തിയവർ ഉൾപ്പെട്ടു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹാവേരി ജില്ലയിലെ സിറ്റിങ് സീറ്റായ ഷിഗ്ഗോണിൽ നിന്നാണ് ജനവിധി തേടുക. ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി ചിക്കമഗളൂരുവിൽ മത്സരിക്കും. റവന്യൂമന്ത്രി ആർ. അശോക, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെതിരെ കനകാപുര സീറ്റിൽ കൊമ്പുകോർക്കും. ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് മന്ത്രി വി. സോമണ്ണ, കോൺഗ്രസിന്റെ സിദ്ധരാമയ്യക്കെതിരെ വരുണയിൽ മത്സരിക്കും. സോമണ്ണ ചാമരാജ്നഗറിൽ നിന്നുകൂടി മത്സരിക്കുന്നുണ്ട്.
മറ്റ് നേതാക്കളായ രമേശ് ജാർക്കിഹോളി ഗോക്കകിൽ നിന്നും ഗോവിന്ദ് എം. കർജോൽ മുധോളിൽ നിന്നും മത്സരിക്കും. ഒമ്പത് സ്ഥാനാർഥികൾ ഡോക്ടർമാരാണ്. അഞ്ചുപേർ അഭിഭാഷകരാണ്. വിരമിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. രണ്ടാംഘട്ട പട്ടിക ഉടൻ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഡൽഹിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

