ബി.ജെ.പി- കോൺഗ്രസ് സംഘർഷം; സൊറാപുരിൽ നിരോധനാജ്ഞ
text_fieldsബംഗളൂരു: കർണാടക യാദ്ഗിറിലെ സൊറാപുർ മണ്ഡലത്തിൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. കോൺഗ്രസ് മുൻ എം.എൽ.എ വെങ്കടപ്പ നായകയുടെയും ബി.ജെ.പി സിറ്റിങ് എം.എൽ.എ രാജുഗൗഡയുടെയും അനുയായികളാണ് ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് മണ്ഡലത്തിൽ യാദ്ഗിർ ഡെപ്യൂട്ടി കമീഷണർ ആർ. സ്നേഹൽ നിരോധനാജ്ഞ ഏർപ്പെടുത്തി. വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച രാത്രി എട്ടുവരെയാണ് നിരോധനാജ്ഞ. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ രാജ കൃഷ്ണപ്പ നായക, ശാന്തഗൗഡ ചന്നപട്ടണ എന്നീ നേതാക്കളുടെ സ്വീകരണ ജാഥ കടന്നുപോകവെയാണ് സംഘർഷം. ഹുനസാഗി താലൂക്കിലെ കൊടഗൽ വില്ലേജിലൂടെ കടന്നുപോകവെ, ഗ്രാമത്തിലെ മതചടങ്ങിനിടെ ജാഥക്ക് വഴി നൽകിയില്ല. ഇതു സംബന്ധിച്ച് തർക്കമായതോടെ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു. അക്രമത്തിൽ 15 കാറുകൾ തകർക്കപ്പെട്ടു. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് നാല് കേസ് രജിസ്റ്റർ ചെയ്തു. സി.ആർ.പി.സി 107 വകുപ്പുപ്രകാരം 118 പേർക്കെതിരെ കേസെടുത്തു. 18 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് മൂന്ന് കെ.എസ്.ആർ.പി സ്ക്വാഡ്, ഒരു പാരാമിലിട്ടറി ടീം അടക്കം 200 ഓളം പൊലീസിനെ വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് യാദ്ഗിർ എസ്.പി ഡോ.സി.ബി. വേദമൂർത്തി അറിയിച്ചു. തങ്ങളുടെ ജാഥക്കുനേരെ ബി.ജെ.പി പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നെന്നും പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

