കുടുംബവാഴ്ചയുമായി ബി.ജെ.പി; 25 സ്ഥാനാർഥികൾ
text_fieldsബംഗളൂരു: കുടുംബവാഴ്ചയെന്ന് കോൺഗ്രസിനെയും ജെ.ഡി-എസിനെയും പരിഹസിക്കുന്ന ബി.ജെ.പിയുടെ ആരോപണം ആത്മാർഥതയില്ലാത്തതെന്ന് തെളിയുന്നു. നേതാക്കളുടെ മക്കളും ബന്ധുക്കളുമായി 25 പേരാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ ഏഴുപേർ പുതുമുഖങ്ങളാണ്. ‘ഒരു കുടുംബത്തിൽനിന്ന് ഒരു ടിക്കറ്റ്’ എന്ന തീരുമാനവും കാറ്റിൽപറത്തി നാല് കുടുംബങ്ങളിലെ രണ്ടുപേർക്കു വീതവും സ്ഥാനാർഥിത്വം നൽകി.
മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ രണ്ടാമത്തെ മകൻ ബി.വൈ. വിജയേന്ദ്ര, പിതാവിന്റെ സിറ്റിങ് മണ്ഡലമായ ശിക്കാരിപുരയിൽനിന്ന് ജനവിധി തേടും. യെദിയൂരപ്പയുടെ മൂത്തമകൻ ബി.വൈ. രാഘവേന്ദ്ര ശിവമൊഗ്ഗ ലോക്സഭ മണ്ഡലം എം.പിയാണ്. 2019ൽ സഖ്യസർക്കാറിനെ വീഴ്ത്തിയ ഓപറേഷൻ താമരയിലൂടെ ബി.ജെ.പിയിലെത്തിയ ഹൊസപേട്ട് എം.എൽ.എ ആനന്ദ് സിങ്ങിന്റെ മകൻ സിദ്ധാർഥ് സിങ്ങിന് വിജയനഗര സീറ്റ് നൽകി. ലിസ്റ്റിൽ ആനന്ദ് സിങ്ങിനെ ഉൾപ്പെടുത്തിയിട്ടില്ല. ആനന്ദ് സിങ് ലോക്സഭ സീറ്റിൽ കണ്ണുവെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ബംഗളൂരു ഗാന്ധി നഗറിൽനിന്ന് മത്സരിക്കുന്ന സപ്തഗിരി ഗൗഡ മുൻ മന്ത്രി രാമചന്ദ്ര ഗൗഡയുടെ മകനാണ്. മുൻ എം.എൽ.എ ദമ്പതികളായ എച്ച്. നാഗപ്പയുടെയും പരിമള നാഗപ്പയുടെയും മകൻ പ്രീതം ചാമരാജ് നഗറിലെ ഹാനൂരിൽനിന്ന് മത്സരിക്കും. അന്തരിച്ച മന്ത്രി ഉമേഷ് കാട്ടിയുടെ മകൻ നിഖിൽകാട്ടി ഹുക്കേരിയിലും സഹോദരൻ രമേഷ് കാട്ടി ചിക്കോടിയിലും മത്സരിക്കും. ബെളഗാവിയിലെ ഗോകഖിൽ രമേശ് ജാർക്കിഹോളിയും അരബാവി മണ്ഡലത്തിൽ സഹോദരൻ ബാലചന്ദ്ര ജാർക്കിഹോളിയും ബി.ജെപി ടിക്കറ്റിൽ ജനവിധി തേടും. രാഷ്ട്രീയ പിന്തുടർച്ചക്കാരായി കോൺഗ്രസിൽനിന്ന് 37 പേരും ജെ.ഡി-എസിൽനിന്ന് 10 പേരും നിലവിലെ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

