ജയിലിൽ തടവുകാർക്കായി ബയോമെട്രിക് ട്രാക്കിങ് സംവിധാനം
text_fieldsപരപ്പന അഗ്രഹാര സെൻട്രൽ ജയിൽ
ബംഗളൂരു: ജയിലിനുള്ളിലെ തടവുകാരുടെ മോശം പെരുമാറ്റവും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ അധികൃതർ ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ ആരംഭിച്ചുള തടവുകാർ ഓരോ ബാരക്കിലും പ്രവേശിക്കുമ്പോൾ ബയോമെട്രിക് പരിശോധനക്ക് വിധേയരാകണം.
ബാരക്കുകൾ, സന്ദർശക മുറികൾ, ആശുപത്രി, കാന്‍റീന്‍, അടുക്കള, ലൈബ്രറി, കളിസ്ഥലം, കരകൗശല യൂനിറ്റുകൾ, ബേക്കറി വിഭാഗങ്ങൾ എന്നിവയുൾപ്പെടെ ജയിലിലെ എല്ലാ പ്രധാന വിഭാഗങ്ങളിലും ബയോമെട്രിക് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സ്ഥലങ്ങളിൽ നിരീക്ഷണത്തിനായി ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.
സന്ദർശക മുറിയില്‍ പ്രവേശിക്കുന്ന തടവുകാർ ബയോമെട്രിക് പരിശോധനക്ക് ശേഷം ഒരു ഡിജിറ്റൽ ടോക്കൺ എടുക്കണം. തടവുകാരന്‍റെ പേര്, തിരിച്ചറിയൽ നമ്പർ, പ്രവേശന സമയം തുടങ്ങിയ വിശദാംശങ്ങൾ ജയിൽ സോഫ്റ്റ്‌വെയർ സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്യും. മീറ്റിങ് റൂമുകൾ സന്ദർശിക്കുകയും തിരികെ വരികയും ചെയ്യുന്ന തടവുകാരുടെ പൂർണ്ണമായ ഡിജിറ്റൽ റെക്കോർഡ് ട്രാക്ക് ചെയ്യാന്‍ സംവിധാനം അധികാരികളെ സഹായിക്കും. ആശുപത്രി, ലൈബ്രറി, ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ബാരക്കുകൾ എന്നിവയുടെ പ്രവേശന കവാടങ്ങളിലും സമാനമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സഹ തടവുകാരുമായി സംശയാസ്പദമായതോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തടവുകാരെ തിരിച്ചറിയാനും ജയിലിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ഒരു തടവുകാരൻ എത്ര സമയം ചെലവഴിക്കുന്നുവെന്ന് ട്രാക്ക് ചെയ്യാനും ഈ സംവിധാനം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തടവുകാരെയും ജയിൽ ജീവനക്കാരെയും നിരീക്ഷിക്കാൻ ജയിലിനുള്ളിൽ എ.ഐ കാമറകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ തടവുകാരുടെ ഫോൺ കോളുകളുടെ ഡിജിറ്റൽ ട്രാക്കിങും സന്ദർശക മീറ്റിങുകൾക്കുള്ള ഡിജിറ്റൽ ടോക്കൺ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 2.25 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. തടവുകരുടെ പണമിടപാടുകള്‍ നിരീക്ഷി ക്കുന്നതിനായി ജയിൽ വകുപ്പ് കാന്‍റീന്‍ ട്രാക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജയിലിനുള്ളില്‍ നിന്നും നൽകുന്ന വാലറ്റുകളോ കൂപ്പണുകളോ ഉപയോഗിച്ച് തടവുകാർക്ക് ബേക്കറി സാധനങ്ങളും ലഘുഭക്ഷണങ്ങളും വാങ്ങാം.
വാങ്ങുന്നയാളുടെ പേര്, വാങ്ങിയ വസ്തുക്കൾ, അളവ്, തീയതി, സമയം, ബാക്കി വാലറ്റ് ബാലൻസ് എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും. ഇതുമൂലം തടവുകാരുടെ പൂർണ്ണമായ ചെലവ് രേഖകൾ സൂക്ഷിക്കാൻ ജയിൽ അധികാരികള്‍ക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

