വിദ്വേഷ പ്രസംഗത്തിനെതിരായ ബിൽ ശീതകാല സമ്മേളനത്തിൽ
text_fieldsശ്രീരാമ സേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക് വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യങ്ങൾ (തടയൽ) ബിൽ കീറി പ്രതിഷേധിക്കുന്നു
ബംഗളൂരു: തിങ്കളാഴ്ച മുതൽ ഈമാസം 19 വരെ ബെളഗാവി സുവർണ വിധാൻ സൗധയിൽ നടക്കുന്ന കർണാടക നിയമസഭ ശീതകാല സമ്മേളനത്തിൽ വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യങ്ങൾ (തടയൽ) ബിൽ അവതരിപ്പിക്കും. ശ്രീരാമ സേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക് ഇതിനെതിരെ രംഗത്ത് വന്നു. ഹിന്ദുക്കളെ ലക്ഷ്യംവെക്കാനും ഹിന്ദുത്വ സംഘടനകളെയും അവരുടെ നേതാക്കളെയും അടിച്ചമർത്താനും സംസ്ഥാന സർക്കാർ നിർദിഷ്ട ബിൽ ഉപയോഗിക്കുന്നുവെന്ന് മുത്തലിക് ശനിയാഴ്ച വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മുസ്‌ലിം വോട്ടർമാരെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് സർക്കാർ ഈ നിയമം കൊണ്ടുവരുന്നത്. ഹിന്ദു ശബ്ദങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നതാണിത്. ഗോവധ നിരോധനം നിലവിലുണ്ടെങ്കിലും പലയിടത്തും നിയമലംഘനം നടക്കുമ്പോൾ ഗോവധത്തിനെതിരെ സംസാരിക്കുന്നത് തെറ്റാണോ എന്ന് മുത്തലിക് ചോദിച്ചു. ലവ് ജിഹാദിനെക്കുറിച്ച് ഹിന്ദുക്കളിൽ അവബോധം വളർത്തുന്നത് തെറ്റാണോ? പള്ളികളുടെയും അനധികൃത നിർമാണങ്ങളെയോ ശവസംസ്കാര സ്ഥലങ്ങളിലെ കൈയേറ്റങ്ങളെയോ എതിർക്കുന്നത് തെറ്റാണോ? മതപരിവർത്തനങ്ങളെ എതിർക്കുന്നത് തെറ്റാണോ -അദ്ദേഹം ആരാഞ്ഞു.
ഇത്തരം വിഷയങ്ങളെ ചോദ്യം ചെയ്യുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്ന ആരെയും നിശ്ശബ്ദരാക്കാനാണ് ബിൽ ശ്രമിക്കുന്നതെന്ന് മുത്തലിക് ആരോപിച്ചു. ഡോ. ബി.ആർ. അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ് ഈ നീക്കമെന്നും ഹിന്ദു സമൂഹത്തെ ദുർബലപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ സമ്മേളനത്തിൽ ബില്ലിനെ ശക്തമായി എതിർക്കാനും അത് പാസാക്കുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം ബി.ജെ.പി, ജെ.ഡി-എസ് എം.എൽ.എമാരോട് അഭ്യർഥിച്ചു. സംഘടന എല്ലാ നിയമസഭാംഗങ്ങൾക്കും നിവേദനം നൽകുകയും സമ്മർദം ചെലുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിനിടെ മുത്തലിക് ബില്ലിന്റെ പകർപ്പുകൾ കീറി പ്രതിഷേധിച്ചു. പരശുറാം നാദവിനാമണി, യശവന്ത്, ശ്രീധർ, മധു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

