വിധാൻ സൗധക്ക് പുറത്ത് ബൈക്ക് ടാക്സി പ്രതിഷേധം; കേസെടുത്ത് പൊലീസ്
text_fieldsബൈക്ക് ടാക്സി റൈഡർമാർ വിധാൻ സൗധക്ക് പുറത്ത് നടത്തിയ പ്രതിഷേധം
ബംഗളൂരു: കർണാടക ഹൈകോടതി നിർദേശത്തെത്തുടർന്ന് ബൈക്ക് ടാക്സികൾ നിരോധിച്ചതിനെതിരെ ശനിയാഴ്ച വിധാൻ സൗധക്ക് പുറത്ത് പ്രതിഷേധിച്ച ബൈക്ക് ടാക്സി റൈഡർമാരെ പൊലീസ് അറസ്റ്റുചെയ്ത് വിട്ടു. ബൈക്ക് ടാക്സി സേവനങ്ങളെ നിയന്ത്രിക്കുന്നതിന് ചട്ടം കൊണ്ടുവരുന്നതിനും സമ്പൂർണ നിരോധനം പിൻവലിക്കുന്നതിനും സർക്കാർ ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വിധാൻ സൗധക്ക് മുന്നിൽ തടിച്ചുകൂടിയ ഉടൻ അവരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് പിരിച്ചുവിട്ടതായി പൊലീസ് പറഞ്ഞു. മുൻകൂർ അനുമതിയില്ലാതെ വിധാൻ സൗധക്ക് മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചതിനും മാർഗനിർദേശങ്ങൾ ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്.
സുരക്ഷയും നിയന്ത്രണപരവുമായ ആശങ്കകൾ പരിഹരിച്ചുകൊണ്ട് പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കുന്ന വ്യക്തമായ നയം അവതരിപ്പിക്കണമെന്ന് റൈഡർമാർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ഗതാഗത സംവിധാനത്തിലെ പ്രധാന ഭാഗമാണ് ബൈക്ക് ടാക്സികളെന്നും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നുവെന്നും അവർ പറഞ്ഞു. ശരിയായ നിയമങ്ങൾ നിലവിലുണ്ടെങ്കിൽ ബൈക്ക് ടാക്സികൾ എല്ലാവർക്കും പ്രയോജനം ചെയ്യും.
ഈ മാസം ആദ്യം കർണാടക ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവിസുകൾ നിർത്തിവെച്ച മുൻ സിംഗ്ൾ ജഡ്ജി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, എ.എൻ.ഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, റോപ്പൻ ട്രാൻസ്പോർട്ടേഷൻ സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് (റാപ്പിഡോ പ്രവർത്തിപ്പിക്കുന്നത്) എന്നിവ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുകയായിരുന്നു.
ആറ് ആഴ്ചക്കുള്ളിൽ ബൈക്ക് ടാക്സി സർവിസുകൾ നിർത്തലാക്കണമെന്ന് നിർദേശിച്ച ഏപ്രിൽ രണ്ടിലെ വിധിയെ കമ്പനികൾ ചോദ്യംചെയ്തിരുന്നു. പിന്നീട് സമയപരിധി ജൂൺ 15 വരെ നീട്ടി. മോട്ടോർ വാഹന നിയമപ്രകാരം സംസ്ഥാന സർക്കാർ പ്രത്യേക നിയമങ്ങളും മാർഗനിർദേശങ്ങളും അറിയിക്കുന്നതുവരെ അത്തരം സർവിസുകൾ പ്രവർത്തിക്കാൻ കഴിയില്ലെന്ന് സിംഗ്ൾ ജഡ്ജി നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

