മൈസൂരുവിൽ ബൈക്കപകടം; രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു
text_fieldsഅശ്വിൻ പി. നായർ, ജീവൻ ടോം
ബംഗളൂരു: മൈസൂരുവിൽ ബൈക്കപകടത്തിൽ രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു. മൈസൂരു അമൃത വിദ്യാപീഠത്തിൽ അവസാന വർഷ ബി.സി.എ വിദ്യാർഥികളായ കൊല്ലം കുണ്ടറ പെരുമ്പുഴ അശ്വനത്തിൽ പ്രസാദ്- മഞ്ജു ദമ്പതികളുടെ മകൻ അശ്വിൻ പി. നായർ (21), മൈസൂരു ഉദയഗിരി ശക്തിനഗർ വിദ്യാശങ്കർ ലേഔട്ടിൽ താമസിക്കുന്ന കോട്ടയം മുണ്ടക്കയം ചോറ്റി സ്വദേശി ടോം ജോസഫ്- മിനി ദമ്പതികളുടെ മകൻ ജീവൻ ടോം (21) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെ ഹുൻസൂർ ഭാഗത്തുനിന്ന് താമസസ്ഥലത്തേക്ക് വരുന്നതിനിടെ മൈസൂരു കുവെമ്പു നഗർ കെ.ഇ.ബി ഓഫിസിന് സമീപത്താണ് അപകടം. റോഡിലെ ബാരിക്കേഡ് ഒഴിവാക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു.
ജീവന്റെ പിതാവ് ടോം ജോസഫ് മൈസൂരു ഓൾ ഇന്ത്യ റേഡിയോയിൽ ജീവനക്കാരനാണ്. വിദ്യ, സ്നേഹ എന്നിവരാണ് ജീവന്റെ സഹോദരങ്ങൾ. ജീവന്റെ സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മൈസൂരു മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയിൽ നടക്കും. പോസ്റ്റ്മോർട്ടത്തിനുശേഷം അശ്വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വിദ്യാർഥിനിയായ അശ്വിനിയാണ് അശ്വിന്റെ ഏക സഹോദരി.

