ബിഡദി ടൗൺഷിപ്; ബി.ജെ.പി പ്രതിഷേധം നടത്തി
text_fieldsബിഡദി ടൗൺഷിപ് പദ്ധതിക്കെതിരെ കർണാടക ബി.ജെ.പി ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തില്‍നിന്ന്
ബംഗളൂരു: ബിഡദി ടൗൺഷിപ് പദ്ധതിക്കായി കർഷകരുടെ ഭൂമി ഏറ്റെടുക്കാനുള്ള കോൺഗ്രസ് സർക്കാറിന്‍റെ തീരുമാനത്തിനെതിരെ കർണാടക ബി.ജെ.പി വെള്ളിയാഴ്ച ഫ്രീഡം പാർക്കിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര,ബി.എസ്. യെദ്യൂരപ്പ നിയമസഭയിലെയും കൗൺസിലിലെയും പ്രതിപക്ഷ നേതാക്കളായ ആർ. അശോക, ചലവടി നാരായണസ്വാമി, കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബിഡദിക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള കർഷകരും പ്രതിഷേധത്തിൽ പങ്കുചേർന്നു. പ്രതിഷേധക്കാര്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ‘കർഷക വിരുദ്ധർ’ എന്ന് ആരോപിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം വിളിക്കുകയും ഭൂമി ഏറ്റെടുക്കലിനെതിരെ പ്രക്ഷോഭം നടത്തിയ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഹൈകമാൻഡിന്‍റെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾ നിറവേറ്റുന്നതിനാണ് ടൗൺഷിപ്പിന്‍റെ പേരിൽ ബിഡദി മേഖലയിലെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി കോൺഗ്രസ് സർക്കാർ ഭൂമി പിടിച്ചെടുക്കുവെന്ന് കർണാടക ബി.ജെ.പി പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു. അഞ്ച് ഏക്കർ ഭൂമിയുള്ള കുടുംബങ്ങൾ തെരുവിലേക്ക് തള്ളിവിടപ്പെടുന്നു. എന്നാൽ അതേസമയം ബിദാദി മേഖലയിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈവശം വെക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്കും എം.എൽ.എമാർക്കും ഒരു തടസ്സവുമില്ല എന്നും അദ്ദേഹം പറഞ്ഞു.
ഭൂമി വിട്ടുകൊടുക്കാൻ തയാറാകാത്ത കർഷകരുടെ വീടുകളിലേക്ക് കോണ്‍ഗ്രസ് ഗുണ്ടകളെ അയക്കുന്നുണ്ട്. ഭൂമി ബലമായി പിടിച്ചെടുക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നുവെങ്കിലും സമരം ചെയ്യുന്ന കർഷകർക്കെതിരെ സർക്കാർ വ്യാജ കേസുകൾ ഫയൽ ചെയ്ത് അവരെ ജയിലിലടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കർഷകരുടെ ശാപം ഏറ്റുവാങ്ങിയ ഒരു സർക്കാറും അതിജീവിച്ചിട്ടില്ല. ബിഡദി കർഷകർക്ക് നീതി ലഭിക്കുന്നതുവരെ ഭാരതീയ ജനതാ പാർട്ടി വിശ്രമിക്കില്ല. കർഷക നേതാവ് ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിലകൊള്ളും. നിയമസഭക്കകത്തും പുറത്തും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ദ്ദിഷ്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. പദ്ധതിക്കായി കർഷകരുടെ ഭൂമി ബലമായി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു. ഭൂമി വിട്ടുകൊടുക്കാൻ തയാറാകാത്തവർക്ക് കൃഷി തുടരാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി പുനഃപരിശോധിക്കാൻ കമ്മിറ്റി രൂപവത്കരിക്കുമെന്നും കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ തീരുമാനങ്ങൾ എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

